വെള്ളമുണ്ട: വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിലെ 26കാരിയായ മാനസികവൈകല്യമുള്ള യുവതിയെ കാറിൽ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗം ചെയ്ത പരാതിയിൽ മറ്റ് പ്രതികൾക്കായി അന്വേഷണം ഉൗർജ്ജിതമാക്കി. മാനന്തവാടി എഎസ്പിക്കാണ് അന്വേഷണ ചുമതലയെങ്കിലും എഎസ്പി സ്ഥലത്തില്ലാത്തതിനാൽ കൽപ്പറ്റ ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികളിലൊരാളായ നൗഫലിന്റെ വീട്ടിലെത്തി യുവതിയെ തട്ടിക്കൊണ്ടുപോയ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ വിരലടയാള വിദഗ്ധരടങ്ങുന്ന സംഘം സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഇതിനിടയിൽ ബത്തേരി മജിസ്ട്രേറ്റ് മുന്പാകെ യുവതി രഹസ്യമൊഴി നൽകി.
ശനിയാഴ്ച രാത്രിയിലാണ് പരാതിക്കിടയായ സംഭവം നടന്നത്. വൈകുന്നേരം അഞ്ചരയോടെ വീടിന്റെ പരിസരത്തു നിന്നും മാനസിക വൈകല്യമുള്ള യുവതിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. പീഡനത്തിന് ശേഷം യുവതിയെ തിരികെ വീടിന് സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നും പറയുന്നു.
അതിന് ശേഷം സംശയാസ്പദമായി സാഹചര്യത്തിൽ കണ്ടെത്തിയ ചെറ്റപ്പാലം പള്ളിവളപ്പിൽ മുനീറിനെ നാട്ടുകാർ പിടികൂടി ചോദ്യം ചെയ്തതിൽ കാര്യങ്ങൾ വ്യക്തമാകുകയും ഇയ്യാളെ വെള്ളമുണ്ട പോലീസിന് കൈമാറുകയുമായിരുന്നു.
യുവതിയുടെയും മാതാവിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് മുനീറിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തട്ടിക്കൊണ്ടു പോകൽ, കൂട്ട ബലാത്സംഘം എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ചെറ്റപ്പാലം വരടിമൂല പത്തേക്കർ വീട്ടിൽ റാസിഖ്, വരടിമൂല കൂരിമണ്ണിൽ നൗഫൽ എന്നിവരും കേസിൽ പ്രതികളാണ്.
ഇവർ ഒളിവിലാണ്. മജിസ്ട്രേറ്റ് മുന്പാകെ യുവതി നൽകിയ രഹസ്യ മൊഴി പ്രകാരം കൂടുതൽ പേർ പ്രതികളായേക്കുമെന്ന് സൂചനയുണ്ട്. കേസിൽ മുൻകൂർ ജാമ്യം ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ പ്രതികൾ അടുത്തദിവസം തന്നെ കീഴടങ്ങുമെന്നും സൂചനയുണ്ട്.