കൊല്ലം: കേരള കാഷ്യു ബോർഡ് മുഖേന തോട്ടണ്ടി വാങ്ങിയതിൽ കശുവണ്ടി വികസന കോർപറേഷന് മൂന്നു കോടി രൂപ നഷ്ടം വന്നതിനെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. കാപെക്സ് നേരിട്ട് വാങ്ങിയ തോട്ടണ്ടിയുടെ വിലയുമായി താരതമ്യപ്പെടുത്തുന്പോൾ മറ്റൊരു പൊതുമേഖലാ സ്ഥാപനമായ കശുവണ്ടി വികസന കോർപറേഷന് 3 കോടിയോളം രൂപ നഷ്ടം വന്നത് ആശ്ചര്യകരമാണെന്നും ഇതിൽ അഴിമതി ഉണ്ടെന്ന് പൊതു സമൂഹം സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ ആവില്ലെന്നും ബിന്ദുകൃഷ്ണ ചൂണ്ടിക്കാട്ടി.
കേരള കാഷ്യു ബോർഡ് രൂപവത്കരിച്ചപ്പോൾ തന്നെ ഇതിന്റെ അവശ്യകതയെ സംബന്ധിച്ച് കോണ്ഗ്രസ് പാർട്ടി സംശയം ഉന്നയിച്ചിരുന്നു. കാഷ്യു കോർപറേഷനും കാപെക്സും നേരിട്ട് വാങ്ങുന്നതിനേക്കാൾ കൂടിയ വിലയ്ക്കാണ് കേരള കാഷ്യു ബോർഡ് തോട്ടണ്ടി വാങ്ങിയിരിക്കുന്നത്.
കിലോയ്ക്ക് 136.32 രൂപയ്ക്ക് കോർപറേഷൻ തോട്ടണ്ടി വാങ്ങിയപ്പോൾ ഇതേ തോട്ടണ്ടി കാപെക്സിന് 124.20 രൂപയ്ക്ക് ലഭിച്ചു. കോണ്ഗ്രസ് ഉന്നയിച്ചിരുന്ന സംശയം ഇപ്പോൾ ശരിയാണെന്ന് പുറത്ത് വന്ന കണക്കുകളിലൂടെ തെളിഞ്ഞിരിക്കുകയാണ്.
തോട്ടണ്ടി ക്ഷാമം പരിഹരിക്കുവാൻ വിദേശ രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് നേരിട്ട് തോട്ടണ്ടി ഇറക്കുമതി ചെയ്യാനെന്ന അവകാശവാദത്തോടെ പിണറായി സർക്കാർ രൂപീകരിച്ച കേരള കാഷ്യു ബോർഡ് അഴിമതിയുടെ വെള്ളാനയായി മാറിയിരിക്കുകയാണെന്നും ഇത് ഉടനടി പിരിച്ചു വിടണമെന്നും നഷ്ടം സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.