സന്തോഷ് കരുനാഗപ്പള്ളി
കരുനാഗപ്പള്ളി: കായലിന്റെ യും കടലിന്റെയും ഇടയിൽ സമ്പൽ സമൃദ്ധമായ ഒരു ഗ്രാമം.വരമ്പു പോലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഒരു ബഫർ സോണാണ്. ഈ മണൽ ബണ്ട് തകർന്നു കഴിഞ്ഞാൽ കേരളം മറ്റൊരു മഹാദുരന്തത്തിലേക്ക് കടക്കും എന്ന കാര്യത്തിൽ തർക്കമില്ല. ഏകദേശം20 കി.മീ. ദൂരം വരുന്ന തീരദേശ കരിമണൽബണ്ട് സംരക്ഷിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്.
കൊല്ലം കോട്ടപ്പുറം ദേശീയ ജലപാതയിൽ കരുനാഗപ്പള്ളി ടി എസ് കനാലിനും കടലിനു മധ്യേയാണ് ഈ പ്രദേശം. ഇവ തമ്മിലുളള അകലം ഇപ്പോൾ ഏകദേശം അൻപതു മീറ്ററിനുള്ളിലായി. കടലുമായി ബന്ധപ്പെട്ടുകിടക്കുന്ന ഇവിടുത്തെ ജനത മൽസ്യതൊഴിലാളികളാണ്. ഇവരുടെ ഉപജീവന മാർഗ്ഗം കൂടിയാണ് നഷ്ടപ്പെടുന്നത്.കേരളത്തിന്റെ സൈന്യം എന്ന് സർക്കാർ പോലും അവകാശപ്പെടുന്ന മത്സ്യതൊഴിലാളികളെ രക്ഷിക്കണമെങ്കിൽ കരിമണൽ ഖനനം സംപൂർണ്ണമായി അവസാനിപ്പിച്ചേ മതിയാകൂ.
2004 ൽ സുനാമി ഏറ്റവും നാശം വിതച്ചത് ആലപ്പാട് അടങ്ങുന്ന തീരത്തെ ആണ്. ഇനി ഒരു ദുരന്തം വിതക്കാൻ സാധാരണയിലും ശക്തി കൂടിയഒരു തിരമാലക്കു കഴിയും. ഇങ്ങനെഭീതിയുടെ വക്കിൽ കഴിയുകയാണ് ഒരു ജനത. ഇനിയും അവിടെ കുഴിച്ചു നശിപ്പിക്കാൻ ഒരു കാരണവശാലും തങ്ങൾ അനുവദിക്കില്ല എന്ന പ്രഖ്യാപനമാണ് ഇവിടെയുള്ളവർ നടത്തുന്നത്.
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് പഞ്ചായത്ത് എന്ന പ്രദേശം 1955 ലെ ലിത്തോമാപ്പ് പ്രകാരം 89.5 ചതുരശ്ര കി.മീ. ആയിരുന്നു.പൊതുമേഖലാ സ്ഥാപനമായ ഐആർഇ നടത്തുന്ന കരിമണൽ ഖനനം മൂലം ഇപ്പോൾ 7. 6 ചതുരശ്ര കി.മീ. ആയി ചുരുങ്ങി.ഏകദേശം ഇരുപതിനായിരം ഏക്കർ ഭൂമി കടലായി മാറി.
കരിമണൽ ഖനനത്തോടെ ഒരു ഭൂപ്രദേശം തന്നെ ഇല്ലാതാകുമെന്ന ആശങ്കയിലാണ് ആലപ്പാട് പഞ്ചായത്ത് നിവാസികൾ. വൻ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ക്ക് വഴിവെക്കുന്ന കരിമണൽഖനനം ഐ ആർ ഇ നിർത്തിവയ്ക്കണമെന്നാണ് ജനകീയ സമര സമിതിയുടെ ആവശ്യം. 1965 മുതൽ പൊതുമേഖല സ്ഥാപനമായ ഐആർഇ കരിമണൽ ഖനനം നടത്താൻ തുടങ്ങിയത് ഇതോടെ ഈ പ്രദേശത്തിന്റെ നാശവും തുടങ്ങി.ആയിരക്കണക്കിന് പ്രദേശവാസികൾ ഇവിടം വിട്ടു പോകേണ്ടി വന്നു.ഇവിടുത്തെ കരിമണൽ ലോറിയിൽ കടത്തികൊണ്ടു പോകുകയായിരുന്നു.
ഇങ്ങനെ വെള്ളനാ തുരുത്ത് പ്രദേശം ഒരറ്റത്ത് ഇല്ലാതായി കൊണ്ട് ഇരുന്നു. പ്രതിഷേധം വന്നപ്പോൾ ഈ പ്രദേശത്തെ കുറച്ചു പേർക്ക് ജോലി നല്കി പ്രതിഷേധത്തിന് തടയിട്ടു. വീണ്ടും സീ വാഷിംഗ് തുടങ്ങിയതോടെ പ്രദേശങ്ങൾ ഓരോന്നായി ഇല്ലാതായി .പ്രദേശവാസികളുമായി ഏറ്റുമുട്ടി സമരം കടുത്തു. പിന്നീട് ഈ സ്ഥലം മാനേജ്മെന്റ് പാട്ടത്തിന് എടുത്ത് മണ്ണ് കൊണ്ടുപോകാൻ തുടങ്ങി. എന്നാൽ ഉടമസ്ഥർക്ക് ന്യായമായ തുക നല്കാൻ അധികൃതർ തയ്യാറാകുന്നില്ല.
സേവ് ആലപ്പാട് എന്ന ഹാഷ് ടാഗിൽ സാമൂഹ്യ മാധ്യമങ്ങളിലും ശ്രദ്ധ നേടി സേവ് ആലപ്പാട് ഫോറത്തിന്റെ നേതൃത്വത്തിലുള്ളസമരം എഴുപത്തിരണ്ടാം ദിവസത്തിലേക്ക് കടന്നു.തങ്ങളുടെതീരം സംരക്ഷിക്കണമെന്ന് ലോകത്തെ അറിയിക്കുവാൻ ഗിന്നസ് ബുക്കിൽ ഇടം നേടാനുമായി .ഡോൾഫിൻ രതീഷ് പണിക്കരു കടവ് മുതൽ അഴീക്കൽ വരെയുള്ള കായലിൽ കൂടി ഏകദേശം 10 കിലോമീറ്റർ നീന്തി റെക്കോഡ് നേടിയിരുന്നു .മറ്റൊരു സ്ഥലത്ത് പാറ ഖനനം നടത്തി അവിടെ പാരിസ്ഥിതിക ആഘാതം സൃഷ്ടിച്ച് ഇവിടെ പുലിമുട്ട് നിർമ്മിക്കുന്നത് ശരിയല്ല എന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ വാദം .
ഇവിടെ ഇട്ട പാറകൾ ശകതമായ തിരമാലകളാൽകടലിലേക്ക് തന്നെ പോകുകയാണ്. ഇവിടെ പുലിമുട്ട് നിർമ്മിച്ച് രൂപപ്പെടുന്ന കര വീണ്ടും പൊതുമേഖല സ്ഥാപനങ്ങൾ സീ വാഷിംഗ്ഖ ന നം നടത്തുക വഴി വീണ്ടും ഈ പ്രദേശം ഇല്ലാതാവുകയാണ് ആയതിനാൽ ഖനനം അവസാനപ്പിക്കുവാൻ അധികാരികൾ ഇടപെടണം എന്ന ആവശ്യം ശക്തമാവുകയാണ്.
തീരദേശ പരിപാലന നിയമം, തണ്ണീർത്തട നിയമം തുടങ്ങിയവ ലംഘിച്ചാണ് ഐആർഇയുടെ ഖനനമെന്നും സമര സമിതി ആരോപിക്കുന്നു. സമരത്തിന് സാമൂഹ്യ മാധ്യമങ്ങളിലും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ചലച്ചിത്ര താരങ്ങൾ ഉൾപ്പടെയുള്ളവർ ഇതിനകം ജനകീയ സമരത്തിന് പിന്തുണയുമായി മുന്നോട്ട് വന്നുകഴിഞ്ഞു. പാരിസ്ഥിതിലോല പ്രദേശമായ ഇവിടുത്തെ ഖനനം അവസാനിപ്പിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകരും ആ വ ശ്യപ്പെടുന്നു.