
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ സിനിമ വെള്ളാനകളുടെ നാട് റിലീസിനെത്തിയിട്ട് മൂന്നു പതിറ്റാണ്ട് കഴിഞ്ഞു. 1988 ഡിസംബർ ഒൻപതിനായിരുന്നു സിനിമയുടെ റിലീസ്.
മോഹൻലാലിന്റെ നായികയായി ശോഭനയാണെത്തിയത്. സി. പവിത്രൻ നായർ അഥവ സിപി എന്ന് വിളിക്കുന്ന റോഡ് കോണ്ട്രാക്ടറുടെ വേഷത്തിലാണ് മോഹൻലാൽ അഭിനയിച്ചത്.
മെയ്തീനേ ആ ചെറിയ സ്പാനറിങ്ങ് എടുക്ക്, ഇപ്പോ ശരിയാക്കി തരാം, തുടങ്ങി കുതിരവട്ടം പപ്പുവിന്റെ ആരും മറക്കാത്ത ഡയലോഗുകൾ നിറഞ്ഞ സിനിമ കൂടിയായിരുന്നിത്. അവസാന നിമിഷത്തിൽ തിരക്കഥ മാറ്റി എഴുതേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് നേരത്തെ മണിയൻപിള്ള രാജു തുറന്ന് സംസാരിച്ചിരുന്നു.
മറ്റൊരു കഥയെ അടിസ്ഥാനമാക്കി ബാലൻ കെ നായർ അടക്കമുള്ള താരനിരയുമായി ചിത്രീകരണം ആരംഭിക്കാൻ നിൽക്കുന്പോഴാണ് വെള്ളാനകളുടെ നാട് എന്ന സിനിമയുടെ കഥ മാറ്റി എഴുതേണ്ടി വന്നതെന്ന് നടനും നിർമാതാവുമായ മണിയൻപിള്ള രാജു വെളിപ്പെടുത്തിയിരുന്നു.
ആദ്യത്തെ കഥ അത്ര പോര, പുതിയ കഥ വേണമെന്ന് സംവിധായകൻ പ്രിയദർശൻ ശ്രീനിവാസനോട് പറഞ്ഞു. ആ ദിവസം എല്ലാ താരങ്ങളും സാങ്കേതിക പ്രവർത്തകരുമെല്ലാം കോഴിക്കോട് മഹാറാണി ഹോട്ടലിൽ എത്തിയിരുന്നു.
തുടർന്ന് മാൽഗുഡി ഡേയ്സ് എന്ന നോവലിൽ ജപ്തി ചെയ്ത റോഡ് റോൾ ആന വലിച്ച് കൊണ്ട് പോകുന്ന രംഗത്തെ അടിസ്ഥാനമാക്കി ഒരു കഥ വികസിപ്പിക്കാമോ എന്ന് പ്രിയൻ ചോദിക്കുകയായിരുന്നു.
പക്ഷേ ശ്രീനിവാസൻ പൊൻമുട്ടയിടുന്ന താറാവ് എന്ന സിനിമയുടെ തിരക്കുമായി ഗുരുവായൂരിലായിരുന്നു. ഓരോ ദിവസവും ചിത്രീകരിക്കേണ്ട സീനുകൾ തലേന്ന് രാത്രി മഹാറാണിയിലേക്ക് ഫോണ് വഴി വിളിച്ച് പറഞ്ഞ് കൊടുക്കുമായിരുന്നു.
ലൊക്കേഷനിലെ ജനറേറ്റർ സ്റ്റാർട്ട് ചെയ്താലേ ശ്രീനിവാസന് എഴുത്ത് വരികയുള്ളു എന്ന് കൂടി മണിയൻപിള്ള രാജു പറഞ്ഞിരുന്നു. നേരത്തെ എഴുതിവെച്ചിരുന്ന ചില സീനുകളുടെ കടലാസ് ഗുരുവായൂരിൽ നിന്നു കോഴിക്കാേട്ടേക്ക് വരുന്ന ലോറികളിൽ ചിലപ്പോൾ കൊടുത്ത് വിടുമായിരുന്നു.
സിനിമയുടെ ചിത്രീകരണത്തിന് പ്രതിസന്ധികൾ ഒരുപാട് ഉണ്ടായിരുന്നു. എഴുതി പൂർത്തിയാക്കിയ തിരക്കഥ പോലും ഇല്ലാതിരുന്നിട്ടും ഇരുപത് ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കാൻ സാധിച്ചു. അക്കാലത്ത് ഇത്രയും വേഗം സിനിമ ഷൂട്ടിംഗ് അവസാനിക്കുന്നത് വലിയൊരു സംഭവമായിരുന്നു.
മോഹൻലാലിന്റെ റോഡ് റോളർ ഉരുണ്ട് പോയി മതിൽ പൊളിയുന്ന സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ സീൻ ചിത്രീകരിച്ചത് സിംഗിൾ ടേക്കിലായിരുന്നു.
രണ്ട് കാമറകൾ വച്ചാണ് ഈ രംഗം ഷൂട്ട് ചെയ്തത്. അങ്ങനെയാണ് വെള്ളാനകളുടെ നാട് എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ പിറവി എന്നും മണിയൻപിള്ള രാജു വെളിപ്പെടുത്തുന്നു.
-പിജി