സ്വന്തം ലേഖകൻ
തൃശൂർ: തൃശൂരിൽ എൻഡിഎ പച്ചതൊടില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയിൽ തൃശൂരിലെ ബിജെപി നേതൃത്വത്തിനു കടുത്ത പ്രതിഷേധം. ബിജെപിയും ബിഡിജെഎസും തമ്മിൽ തൃശൂർ, ചാലക്കുടി സീറ്റുകളെ സംബന്ധിച്ച് സജീവ ചർച്ചകൾ നടക്കുന്നതിനിടെയാണ് വെള്ളാപ്പള്ളിയുടെ പ്രവചനം വന്നത്. തൃശൂരിൽ ബിജെപിയുടെ കെ.സുരേന്ദ്രനോ ബിഡിജെഎസിന്റെ തുഷാർ വെള്ളാപ്പള്ളിയോ മത്സരിക്കുമെന്ന ധാരണയിൽ മുന്നോട്ടുപോകുകയാ യിരുന്നു.
വെള്ളാപ്പള്ളിയുടെ പ്രസ്താവന കാര്യമാക്കുന്നില്ലെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. വിജയം സാധ്യമാക്കാവുന്ന സീറ്റെന്ന നിലയിൽ തൃശൂരിൽ ബിജെപി സുരേന്ദ്രനെ മത്സരിപ്പിക്കാൻ നേരത്തേതന്നെ ആസൂത്രണം ചെയ്തിരുന്നു. കഴിഞ്ഞദിവസം ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ തൃശൂർ സീറ്റ് ബിജെപിക്കുതന്നെ വേണമെന്ന നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചിരുന്നത്.
അതേസമയം, തുഷാർ വെള്ളാപ്പള്ളിക്കുവേണ്ടി ബിഡിജെഎസ് ലക്ഷ്യമിട്ടിരിക്കുന്നതു തൃശൂർ മണ്ഡലമാണ്. എന്നാൽ, ബിജെപി സംസ്ഥാന നേതൃത്വം വിജയസാധ്യതയുള്ള പട്ടികയിൽ എ വണ്‍ കാറ്റഗറിയിൽപെടുത്തിയിരിക്കുന്ന സീറ്റ് ബിഡിജെഎസിനു വിട്ടുനല്‍കേണ്ടതില്ലെന്ന നിലപാടാണ് ബിജെപി ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനുമുള്ളത്.
സുരേന്ദ്രനായാലും തുഷാറായാലും തൃശൂരിൽ മികച്ച പ്രകടനം കാഴ്ചവച്ചു വോട്ടിംഗ് ശതമാനം കഴിഞ്ഞതവണത്തേക്കാൾ വർധിപ്പിക്കാനാണ് എൻഡിഎ പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. വെള്ളാപ്പള്ളിയുടെ പരസ്യമായ വെല്ലുവിളിയോടെ ബിജെപി – ബിഡിജെഎസ് നേതൃത്വത്തിനും തൃശൂർ സീറ്റിലെ ജയം കനത്ത ഉത്തരവാദിത്വവും ബാധ്യതയുമായി മാറിയിരിക്കുകയാണ്.