ആലപ്പുഴ: കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ കോളജ് ഓഫ് എഞ്ചിനീയറിംഗ് വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തെത്തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ കോളജ് അടിച്ചു തകർത്തു. പ്രകടനമായെത്തിയ പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറികടന്ന് അകത്തു കടന്നാണ് അടിച്ചു തകർത്തത്.
ക്ലാസ് റൂമുകളും ജനൽ ചില്ലുകളും പ്രവർത്തകർ തല്ലിത്തകർത്തു. എസ്എഫ്എ സംസ്ഥാന സെക്രട്ടറി എം.വിജിന്റെയും പ്രസിഡന്റ് ജെയ്ക്. സി. തോമസിന്റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കോളജിന്റെ ഉടമസ്ഥൻ സുഭാഷ് വാസുവിനെ വഴിലിറങ്ങി നടക്കാൻ അനുവദിക്കില്ലെന്നും സ്വാശ്രയ കോളജുകളിലെ ഇടിമുറികൾ ഇടിച്ചു തകർക്കുമെന്നും വിജിൻ വ്യക്തമാക്കി.
ബിജെപി നേതാവ് വി.മുരളീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഈ വിഷയത്തിൽ പ്രിതികരിക്കാത്തതെന്താണെന്നും എസ്എഫ്എ സംസ്ഥാന സെക്രട്ടറി ചോദിച്ചു.
എൻജിനിയറിംഗ് കോളജ് വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; മാനേജ്മെന്റിനെതിരേ കേസ്
മാവേലിക്കര: കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ എൻജിനിയറിംഗ് കോളജിൽ മാനേജമെന്റിന്റെയും പ്രിൻസിപ്പലിന്റെയും മാനസിക പീഡനത്തിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചതായി പരാതി. കോളജിലെ രണ്ടാം വർഷ മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർഥിയും തിരുവനന്തപുരം കിളിമാനൂർ പുതിയകാവ് പാർപ്പിടം വീട്ടിൽ സന്തോഷ്-ഷീജ ദന്പതികളുടെ മകനുമായ ആർഷരാജ്(19) ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്നലെ പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം.
ഹോസ്റ്റൽ മുറിക്കു സമീപം ഒഴിഞ്ഞു കിടന്ന മറ്റൊരു മുറിയിലായിരുന്നു ആത്മഹത്യാശ്രമം. ബ്ലേഡ് കൊണ്ട് കൈത്തണ്ട മുറിച്ചും കഴുത്തിൽ കുരുക്കിട്ടുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഈ സമയം മൂത്രമൊഴിക്കാനായി വെളിയിലിറങ്ങിയ വിദ്യാർഥി ആൾതാമസമില്ലാത്ത മുറിയിൽ ആളനക്കം കേട്ടപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തട്ടിവിളിച്ചിട്ട് പ്രതികരണം ഉണ്ടാകാഞ്ഞതിനെ തുടർന്ന് മറ്റുകുട്ടികളെ വിളിച്ചുണർത്തി നടത്തിയ പരിശോധനയിലാണ് ആർഷരാജിനെ കാണാനില്ലെന്ന കാര്യം വ്യക്തമായത്.
തുടർന്ന് വിദ്യാർഥികൾ കതക് ചവുട്ടി തുറന്ന് കുരുക്കിൽ നിന്നും ആർഷരാജിനെ അഴിച്ചെടുത്തു.ബോധരഹിതനായിരുന്ന ആർഷരാജിനെ കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിച്ച വിദ്യാർഥികളെ മാനേജ്മെന്റ് അധികൃതർ ഫോണിൽ ബന്ധപ്പെട്ട് ആത്മഹത്യാ ശ്രമമാണെന്ന് ആശുപത്രി അധികൃതരെ അറിയിക്കരുതെന്നും അറിയിച്ചാൽ നിങ്ങൾ കൂടുതൽ കേസുകളിൽ പ്രതികളാകുമെന്നും ഭീഷണിപ്പെടുത്തിയതായി വിദ്യാർഥികൾ പോലീസിനു കൊടുത്ത മൊഴിയിൽ പറയുന്നു. തുടർന്ന് ഞായറാഴ്ച രാവിലെ 10 മണിയോടെ കോളജ് മാനേജ്മെന്റ് ജനറൽ സെക്രട്ടറിയുടെ ബന്ധു വീട്ടിലേക്ക് വിദ്യാർഥിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യിച്ചു മാറ്റി.
ഇതിനുശേഷം ദേഹാസ്വാസ്ഥ്യം കടുത്തതിനെ തുടർന്ന് വീണ്ടും വിദ്യാർഥിയെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കായംകുളം ഗവണ്മെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആത്മഹത്യാശ്രമത്തിനു കാരണം നിരന്തരമായി കോളജ് മാനേജ്മെന്റിന്റെ പ്രതിനിധിയുടെയും പ്രിൻസിപ്പലിന്റെയും ഭാഗത്തുനിന്നുണ്ടാകുന്ന പീഡനമാണെന്ന് വിദ്യാർഥി പോലീസിനു കൊടുത്ത മൊഴിയിൽ പറയുന്നു.
വിദ്യാർഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാനേജ്മെന്റ് ജനറൽ സെക്രട്ടറി സുഭാഷ് വാസു, പ്രിൻസിപ്പൽ ഗണേശ് എന്നിവർക്കെതിരെ കേസെടുക്കുമെന്ന് മാവേലിക്കര സിഐ പി.ശ്രീകുമാർ അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ കോളജിലേക്ക് പ്രതിഷേധ പ്രകടനങ്ങൾ നടത്തി ഇന്ന് രാവിലെ സിപിഎം നേതൃത്വത്തിൽ ബഹുജന മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.