കാഞ്ഞിരപ്പള്ളി: എല്ലാ സമുദായങ്ങളെയും സർക്കാർ ഒരുപോലെ പരിഗണിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഹൈറേഞ്ച് യൂണിയന് കീഴിലെ പാലപ്ര, ആനക്കല്ല് ശാഖകളിലും എരുമേലി യൂണിയനിലെ കൂരംതൂക്ക് ശാഖയിലും നിർമിച്ച ശ്രീനാരായണക്ഷേത്രങ്ങളുടെ സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ സംഘടനകളും സാമൂഹ്യ നീതിക്കുവേണ്ടി പോരാടുന്നുണ്ട്. അതിന് കുറവ് പറയാൻ കഴിയില്ല. എന്നാൽ എസ്എൻഡിപി യോഗം സംഘടിച്ചാൽ രാജ്യത്ത് സുനാമി വരുമെന്ന ചിന്തയിൽ തങ്ങളെ തളർത്താനും തകർക്കാനുമാണ് എല്ലാ രാഷ്ര്ടീയ കക്ഷികളും ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ശ്രീനാരായണ ഗുരു ദൈവമായതു കൊണ്ടാണ് എസ്എൻഡിപി ക്ഷേത്രങ്ങൾ നിർമിക്കുന്നത്. ഇതിനെ രാഷ്ര്ടീയ പ്രത്യയശാസ്ത്രങ്ങൾ വളച്ചൊടിച്ച് തങ്ങളുടെ വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുകയാണ്. ജാതിക്ക് അധിഷ്ഠിതമായ ചട്ടങ്ങളും നിയമങ്ങളുമാണ് ഭരണഘടനയിലുള്ളതെന്നും അതിനാൽ ജാതി പറയുക സ്വാഭാവികമാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
ആനക്കല്ല് ശാഖാ ഗുരുദേവ ക്ഷേത്രം സമർപ്പണ സമ്മേളനത്തിൽ സാബു സ്വാമി ഭദ്രദീപം പ്രകാശിപ്പിച്ചു. ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അധ്യക്ഷത വഹിച്ചു. യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ യോഗം ഉദ്ഘാടനവും ക്ഷേത്ര സമർപ്പണവും നിർവഹിച്ചു.