ചേർത്തല: ചെങ്ങന്നൂരിൽ സജി ചെറിയാന്റെ വിജയത്തെതുടർന്ന് ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിയും ബിഡിജെഎസ് ചെയർമാനുമായ തുഷാർ വെള്ളാപ്പള്ളിയും.
ബിഡിജെഎസിനെ ഇനിയും തഴഞ്ഞാൽ കേരളത്തിൽ ബിജെപിയുടെ സ്ഥാനം പിന്നിലായിരിക്കുമെന്ന് ഇരുവരും പറഞ്ഞു. കഴിഞ്ഞതവണ ലഭിച്ചതിലേറെ വോട്ട് ബിജെപി ഒറ്റയ്ക്ക് നേടുമെന്ന അവകാശവാദം തകർന്നുവെന്ന് വെള്ളാപ്പള്ളി ചൂണ്ടികാട്ടി.
വൻതോതിൽ പിന്നോക്കമായെന്ന് മാത്രമല്ല വർധിച്ച വോട്ടിന്റെ വിഹിതം ലഭിക്കാതെ ചെങ്ങന്നൂരിൽ നന്നായി തോറ്റത് ബിജെപിയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എന്നാൽ സജി ചെറിയാന്റെ വിജയത്തിന്റെ പിതൃത്വം എസ്എൻഡിപി യോഗം അവകാശപ്പെടുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ബിഡിജെഎസ് അണികൾ അവരുടെ വികാരം വോട്ടിലൂടെ പ്രകടിപ്പിച്ചതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബിജെപിക്ക് വോട്ട് ഗണ്യമായി കുറഞ്ഞുവെന്ന് മാത്രമല്ല വർധിച്ച വോട്ടിന്റെ ആനുകൂല്യം ലഭിച്ചതുമില്ല. പാർട്ടി എതിരായി പ്രവർത്തിച്ചിരുന്നുവെങ്കിൽ തിരിച്ചടി ഇതിലും ശക്തമായേനെ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിട്ടുനിന്നതല്ലാതെ മറ്റേതെങ്കിലും മുന്നണിക്ക് വോട്ട് ചെയ്യാൻ നേതൃത്വം നിർദേശിച്ചില്ല. തെരഞ്ഞെടുപ്പുഫലം ബിജെപിയുടെ കേന്ദ്രസംസ്ഥാന നേതാക്കൾക്കുള്ള മറുപടിയാണെന്നും പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഇനിയുള്ള തെരഞ്ഞെടുപ്പുകളിലും ഇതായിരിക്കും സ്ഥിതിയെന്നും ഇത് ബിജെപിക്കുള്ള ഒരു മുന്നറിയിപ്പാണെന്നും തുഷാർ വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.