ആലപ്പുഴ: എസ്എൻ കോളജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കണിച്ചുകുളങ്ങരയിലെ വസതിയിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
എസ്എന്‍ കോളജ് ഫണ്ട് തിരിമറി കേസിൽ കുറ്റപത്രം രണ്ടാഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് വെള്ളാപ്പള്ളിയെ ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത്.
1997-98ല്‍ കൊല്ലം എസ്എന്‍ കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചപ്പോള്‍ ഓഡിറ്റോറിയവും ലൈബ്രറി കോംപ്ളക്സും നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പണം കണ്ടെത്താന്‍ എക്സിബിഷനും പിരിവും നടത്തി.
എന്നാൽ പിന്നീട് കൊല്ലം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന സുവര്‍ണ ജൂബിലി ഫണ്ട് വെള്ളാപ്പള്ളി നടേശന് വകമാറ്റിയെന്നാണ് പരാതി. എസ്എൻ ട്രസ്റ്റ് ട്രസ്റ്റിയായിരുന്ന പി. സുരേഷ് ബാബുവാണ് പരാതിക്കാരൻ.