ചേർത്തല: വിവിധ രീതികളിൽ നടക്കുന്ന വിവാഹമരണാനന്തര ചടങ്ങുകളിൽ ഏകീകരണം ഉണ്ടാകേണ്ടത് അത്യാന്താപേക്ഷിതമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശ്രീനാരായണ വൈദികസമിതി ആരംഭിച്ച വൈദിക പഠനകേന്ദ്രമായ വേദാഗമവിദ്യാപീഠം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആത്മീയതയുടെ അടിത്തറയിൽ നിന്നു മാത്രമേ ഭൗതികമായ നേട്ടങ്ങൾ കൈവരിക്കാനാകുകയുള്ളു. സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അപചയങ്ങളെ മറികടക്കാൻ ആത്മീയതയുടെ അടിത്തറക്കൊപ്പം ഗുരുദർശനങ്ങൾ പ്രചരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വൈദിക സമിതി സംസ്ഥാന പ്രസിഡന്റ് ഇ.കെ ലാലൻ തന്ത്രി അധ്യക്ഷത വഹിച്ചു. വേദാഗമ വിദ്യാപീഠം ആചാര്യൻ അഴകത്ത് ശാസ്തൃശർമ്മൻ നന്പൂതിരിപ്പാട് ദീപപ്രകാശനം നടത്തി. എസ്എൻഡിപി യോഗം ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി സാബുലാൽ, സെക്രട്ടറി വി.എൻ ബാബു, വൈസ് പ്രസിഡന്റ് രവീന്ദ്രൻ അഞ്ജലി, പി.പി സെൽവരാജ്, അരുണ്‍ ഗായത്രി തുടങ്ങിയവർ പങ്കെടുത്തു.