എം. സുരേഷ് ബാബു
തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വെള്ളാപ്പള്ളി നടേശൻ നടത്തിയ അഭിപ്രായം വ്യക്തിപരമാണെന്ന് ബിജെപി സംസ്ഥാന നേതാവ് ജെ.ആർ.പത്മകുമാർ. ബിഡിജെഎസിന്റെ ദേശീയ പ്രസിഡന്റായ തുഷാർ വെള്ളാപ്പള്ളി ഇങ്ങനെ അഭിപ്രായം പറഞ്ഞിട്ടില്ല. ബിഡിജെഎസിന്റെ സംസ്ഥാന കമ്മിറ്റിയിൽ പോലും ബിജെപിക്കെതിരായ അഭിപ്രായമുണ്ടായിട്ടില്ലെന്നും ജെആർ.പത്മകുമാർ രാഷ്ട്രദീപികയോട് പറഞ്ഞു.
ബിഡിജെഎസ് സഖ്യത്തെ എങ്ങനെ ശക്തിപ്പെടുത്താമെന്നാണ് ബിജെപി ആലോചിക്കുന്നത്. ബിജെപിയുടെ ഭാഗത്ത് എന്തെങ്കിലും വീഴ്ചകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കും. വെള്ളാപ്പള്ളി നടേശൻ ബിജെപിക്കെതിരെ അഭിപ്രായ പ്രകടനം നടത്തിയത് അദ്ദേഹത്തിന് അങ്ങനെ തോന്നിയത് കൊണ്ടാകാം. ബിഡിജെഎസിനെ ശക്തിപ്പെടുത്തി എൻഡിഎ വികസിപ്പിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. എല്ലാ കാര്യങ്ങളെയും പോസിറ്റീവായി കണ്ട് വിവാദങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകാനാണ് ബിജെപി ശ്രമിക്കുന്നത്.
വെള്ളാപ്പള്ളി നടേശന് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ അത് ചർച്ച ചെയ്യുകയും പരിഹരിക്കുകയും ചെയ്യുമെന്ന് ജെ.ആർ.പത്മകുമാർ രാഷ്ട്രദീപികയോട് പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് കൊണ്ട് ബിഡിജെഎസ് ഉൾപ്പെടെയുള്ളവരെ ഒരുമിപ്പിച്ച് ഐക്യത്തോടെ മുന്നോട്ട് പോകാനുള്ള പ്രവർത്തനങ്ങൾ മാത്രമെ ബിജെപി ചെയ്യുകയുള്ളുവെന്നും ബിഡിജെഎസിന് ദോഷം വരുന്ന അഭിപ്രായ പ്രകടനങ്ങൾ ഒന്നും ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും പത്മകുമാർ പറഞ്ഞു.
ബിജെപി സംസ്ഥാന നേതൃത്വത്തെ കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ കൊള്ളില്ലെന്ന് ഇന്നലെ വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടിരുന്നു. ഇത് സംബന്ധിച്ചുള്ള പ്രതികരണമായാണ് ബിജെപി സംസ്ഥാന നേതാവ് ജെ.ആർ.പത്മകുമാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ നിശിതമായ വിമർശനങ്ങളാണ് ഇന്നലെ വെള്ളാപ്പള്ളി നടേശൻ നടത്തിയത്.
ബിജെപിക്ക് സവർണ സ്വഭാവമാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ഘടകകക്ഷികൾക്ക് നൽകിയ വാഗ്ദാനം പാലിച്ചില്ലെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് മത്സരിച്ച മണ്ഡലങ്ങളിൽ ബിജെപി അലംഭാവം കാട്ടിയെന്നുമുൾപ്പെടെയുള്ള ആരോപണങ്ങളാണ് ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വെള്ളാപ്പള്ളി നടേശൻ നടത്തിയത്.