ആലപ്പുഴ: മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ എൻഡിഎയിൽ പൊട്ടിത്തെറി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് മുന്നണിയെ വെട്ടിലാക്കി ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തു വന്നത്. ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് മുന്നണിയിൽ ആലോചിക്കാതെയാണെന്നു പറഞ്ഞ വെള്ളാപ്പള്ളി അതിനാൽ തന്നെ ആ സ്ഥാനാർഥിയെ പിന്തുണക്കേണ്ട ബാധ്യത ബിഡിജെഎസിനില്ലെന്നും വ്യക്തമാക്കി.
മുന്നണി മര്യാദകളുടെ സകലസീമകളും ലംഘിക്കുന്ന നടപടികളാണ് സമീപകാലത്ത് ബിജെപിയിൽ നിന്നുണ്ടാകുന്നതെന്നു കുറ്റപ്പെടുത്തിയ വെള്ളാപ്പള്ളി കേരളത്തിൽ എൻഡിഎ സംവിധാനം പ്രവർത്തിക്കുന്നില്ലെന്നും തുറന്നടിച്ചു.
ബിഡിജെഎസ് അണികൾ ബിജെപിയിൽ ലയിക്കുമെന്ന് സ്വപ്നത്തിൽപോലും കരുതേണ്ടെന്നു പറഞ്ഞ വെള്ളാപ്പള്ളി ബിഡിജെഎസ് കേരളത്തിൽ ബിജെപിയേക്കാൾ കരുത്തുള്ള പാർട്ടിയാണെന്നും ഭാവിയിൽ തങ്ങൾ ഏതു മുന്നണിയുമായും സഹകരിക്കാൻ സാധ്യതയുണ്ടെന്നും കൂട്ടിച്ചേർത്തു.