ചെങ്ങന്നൂർ/കണിച്ചുകുളങ്ങര: ഇടഞ്ഞുനിൽക്കുന്ന ബിഡിജഐസിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ചെങ്ങന്നൂരിലെ എൻഡിഎ സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ള എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്ടു.
കടുത്ത പ്രസ്താവനകളുമായി വെള്ളാപ്പള്ളി കളം പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം കൂടി മൂന്നിൽ കണ്ടായിരുന്നു കൂടിക്കാഴ്ച. ചർച്ചകൾ പോസിറ്റീവെന്ന് ബിജെപി നേതാക്കൾ പറയുന്പോഴും വെള്ളാപ്പള്ളിയുടെ നിലപാടിൽ വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നു തന്നെയാണ് അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്.
തെരഞ്ഞെടുപ്പിൽ പിന്തുണ അഭ്യർഥിച്ചായിരുന്നു ശ്രീധരൻപിള്ള വെള്ളാപ്പള്ളിയെ കണ്ടത്. ബിജെപി കേന്ദ്രനേതൃത്വത്തെ ബിഡിജഐസിന്റെ അതൃപ്തി സംബന്ധിച്ച കാര്യങ്ങൾ അറിയിക്കാമെന്ന് സ്ഥാനാർഥി പറഞ്ഞതായും കാലതാമസത്തിലെ അദ്ദേഹത്തിന്റെ അതൃപ്തി വ്യക്തമാക്കിയതായും വെള്ളാപ്പള്ളി വ്യക്തമാക്കി.
എൻഡിഎ ഭരണം കേരളത്തിൽ അവസാനിക്കാൻ ഇനി ഒരുവർഷം കൂടിയേ ഉള്ളൂ. രണ്ടുവർഷമായി ബിഡിജഐസ് ആവശ്യങ്ങളുമായി നടക്കുന്നു. കണ്ണൂർ യൂണിവേഴ്സിറ്റിക്ക് ഗുരുദേവന്റെ പേരു നല്കണമെന്ന ആവശ്യം പോലും ഇതുവരെ നടന്നിട്ടില്ല.
കണ്ണന്താനത്തെ മന്ത്രിയാക്കാനും പലരേയും എംപിമാരാക്കാനും ഒരു കാലതാമസവുമുണ്ടായില്ല. ഇനിയിപ്പോൾ ബിഡിജഐസിന്റെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ട് മുറിവുണക്കാൻ ശ്രമിച്ചാലും ഇക്കാലമത്രയുമുണ്ടായ അവഗണന വ്രണമായി കിടക്കുമെന്നും വെള്ളാപ്പള്ളി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
രണ്ടുവർഷമായി ഘടകകക്ഷികൾക്ക് ബിജെപി ഒന്നും നല്കിയിട്ടില്ല. പലമുഖത്തിൽ നേതാക്കൾ സംസാരിക്കുന്നത് ശരിയല്ലെന്നും അടവുനയം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ ശ്രീധരൻപിള്ളയ്ക്ക് കൂടുതൽ വോട്ടുനേടാനായത് ബിഡിജഐസിന്റെ കൂടി സഹകരണം കൊണ്ടാണ്. ഇക്കുറി അതു ബുദ്ധിമുട്ടായിരിക്കും.
ഇക്കുറി ചെങ്ങന്നൂരിൽ ബിഡിജഐസിന്റെ ശ്കതി കാണിക്കാൻ മത്സരിക്കുന്നത് നന്നായിരിക്കുമെന്നതാണ് എന്റെ ചിന്ത. തീരുമാനിക്കേണ്ടത് ആ പാർട്ടിയുടെ നേതാക്കളാണ്. എന്തായാലും ഇക്കുറി ശക്തമായ ത്രികോണ മത്സരം ചെങ്ങന്നൂരിൽ നടക്കും. ശ്രീധരൻപിള്ള നല്ല വ്യക്തിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബിഡിജഐസിനെതിരെയുള്ള എം.വി. ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവനയ്ക്കെതിരെയും വെള്ളാപ്പള്ളി രംഗത്തെത്തി. ഇത്തരം പ്രസ്താവനകൾ സജിചെറിയാനെ തോല്പിക്കാനുള്ള ശ്രമമാണോ എന്നു സംശയമുണ്ട്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ മതേതരം എന്നൊന്നില്ല. എല്ലാ കക്ഷികളും പരോക്ഷമായി മതത്തിൽ അധിഷ്ഠിതമായി തന്നെയാണ് പ്രവർത്തിക്കുന്നത്. മതേതരത്വം പറഞ്ഞ് കബളിപ്പിക്കാതെ യാഥാർഥ്യം പറഞ്ഞ് വോട്ടു തേടണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മതേതര പാർട്ടികളെന്ന് പലപ്രാവശ്യം ഉരുവിട്ടാലും സത്യമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ ബിഡിജഐസ് പറഞ്ഞ കാര്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകാതെ സഹകരണമില്ലെന്ന നിലപാടിൽ ഉറച്ചു തന്നെയാണ് ബിഡിജഐസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. താഴെത്തട്ടിൽ പ്രതിഷേധം ശക്തമാണ്. മറ്റൊരു സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്ന ആവശ്യം താഴെത്തട്ടിൽ നിന്നും ശക്തമായി ഉയരുന്നുണ്ടെന്നും തുഷാർ സൂചിപ്പിച്ചു.