ആലപ്പുഴ: കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ കോളജ് ഓഫ് എൻജിനീയറിംഗിലെ സമരവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ പുതിയ തലത്തിലേക്ക്. കോളജിന് നേരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ സമരത്തിനിടയിലുണ്ടായ ആക്രമത്തെ സിപിഎം ന്യായീകരിക്കുന്പോൾ കോളജ് സംരക്ഷണത്തിനായി ബിജെപി രംഗത്തെത്തിയതോടെ പ്രശ്നം മാനേജ്മെന്റ് -വിദ്യാർഥി സംഘടനാ തർക്കമെന്ന നിലയിൽ നിന്ന് രാഷ്ട്രീയ തലത്തിലേക്ക് മാറിക്കഴിഞ്ഞു.
എസ്എഫ്ഐ മാർച്ചിൽ കോളജിന് നേരെ ആക്രമണമുണ്ടായതിനെത്തുടർന്ന് മാനേജ്മെന്റ് സംഘപരിവാർ സഹായം തേടിയിരുന്നത് നേരത്തെ രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. കോളജിന് നേരെ ആക്രമണമുണ്ടായി അടുത്ത ദിവസം തന്നെ സംഭവത്തിൽ ശക്തമായ നിലപാട് ബിജെപി സ്വീകരിച്ചിരുന്നു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയും ബിഡിജഐസ് ദേശീയ പ്രസിഡന്റുമടക്കമുള്ളവർ വിഷയത്തിൽ മൗനം പാലിച്ചപ്പോൾ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനാണ് കോളജിനായി ആദ്യം രംഗത്തെത്തിയത്.
എസ്എഫ്ഐയുടെ ആക്രമണം ന്യൂനപക്ഷ സ്ഥാപനത്തിനുനേരെയുള്ള അതിക്രമമാണെന്നായിരുന്നു രാധാകൃഷ്ണന്റെ നിലപാട്. ഇതിനിടയിൽ ആക്രമണവുമായി ബന്ധപ്പെട്ട് യോഗം ജനറൽ സെക്രട്ടറി നടത്തിയ പരാമർശവും വിവാദവുമായി. പ്രതിഷേധക്കാർക്കിടയിൽ നുഴഞ്ഞുകയറിയ തീവ്രവാദികളാണ് ആക്രമണത്തിന് കാരണമെന്ന യോഗം ജനറൽ സെക്രട്ടറിയുടെ പ്രസ്ഥാവന സമുദായ നേതൃത്വത്തിനിടയിൽ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.
സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാൻ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിലും കോളജിൽ അക്രമം നടത്തിയത് എസ്എഫ്ഐ പ്രവർത്തകരല്ല, മാനേജ്മെന്റിന്റെ ഗുണ്ടകളാണെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. കോളജിന് സംരക്ഷണം നൽകാൻ എൻഡിഎ ജില്ലാ നേതൃയോഗം തീരുമാനിച്ചതോടെ വിഷയം രാഷ്ട്രീയവതക്കരിക്കപ്പെട്ടിരിക്കുകയാണ്. കോളജ് സംരക്ഷണം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഇന്ന് കായംകുളം, മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകുന്നേരം മൂന്നിന് കോയിക്കൽ ചന്തയിൽ പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്.