തിരുവനന്തപുരം: എൻഡിഎ മുന്നണിക്കെതിരേ പരിഹാസവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് വെള്ളാപ്പള്ളി പരിഹാസം ചൊരിഞ്ഞത്. കാലം മാറുന്നതിനനുസരിച്ച് ബിഡിജെഎസിലും മാറ്റങ്ങളുണ്ടാകുമെന്നായിരുന്നു എൽഡിഎഫിലേക്കു പോകുമോ എന്ന ചോദ്യത്തിന് വെള്ളാപ്പള്ളിയുടെ മറുപടി.
കാലം മാറുന്നതിനനുസരിച്ച് ബിഡിജെഎസിലും മാറ്റങ്ങളുണ്ടാകും. എൻഡിഎ ഇപ്പോൾ കേരളത്തിലില്ല. ഉള്ളത് യുഡിഎഫും എൽഡിഎഫും മാത്രമാണ്. കേരളത്തിൽ ബിജെപി ഒരുകാലത്തും അധികാരത്തിൽ വരാൻ പോകുന്നില്ല. അറിയേണ്ട കാലത്ത് ബിഡിജെഎസ് അത് മനസിലാക്കും.
യുഡിഎഫും എൽഡിഎഫും ഇടം നൽകാത്ത സാഹചര്യത്തിലാണ് എൻഡിഎയിലേക്കു പോയതെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞു. താൻ മനസുകൊണ്ട് ഇടതുപക്ഷക്കാരനെന്നും പിണറായിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ മുഴുവൻ വിവരങ്ങളും പറയാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച വൈകിട്ട് മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു വെള്ളാപ്പള്ളിയുടെ കൂടിക്കാഴ്ച. തുഷാർ വെള്ളാപ്പള്ളി നേതൃത്വം നൽകുന്ന ബിഡിജെഎസ് എൻഡിഎയുമായി ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ ഈ കൂടിക്കാഴ്ച.
എൻഡിഎയുമായി കൂട്ടുചേർന്നശേഷവും ബിഡിജെഎസിന് അർഹമായ പദവികൾ ലഭിക്കാത്തതിനെ തുടർന്ന് എൻഡിഎയുമായി സഹകരിക്കേണ്ടെന്ന് പാർട്ടിയുടെ താഴേതട്ടിൽ അഭിപ്രാമുയർന്നിരുന്നു. ഇതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുമായുള്ള വെള്ളാപ്പള്ളിയുടെ കൂടിക്കാഴ്ച ബിഡിജെഎസിന്റെ സമ്മർദതന്ത്രമായി വേണം വിലയിരുത്താൻ. എന്നാൽ എൻഡിഎ-ബിഡിജെഎസ് തർക്കങ്ങളെ സംബന്ധിച്ച് തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നില്ല.