പാലക്കാട്: സംസ്ഥാനത്തെ ദേവസ്വം ബോർഡുകളിൽ 96 ശതമാനം ഉദ്യോഗങ്ങളും കരസ്ഥമാക്കിയ മുന്നോക്ക സമുദായത്തിനു വീണ്ടും പത്തുശതമാനം സാന്പത്തിക സംവരണം ഏർപ്പെടുത്തിയ ഇടതുസർക്കാരിന് എന്തോ അപകടം സംഭവിച്ചുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ദിവ്യജ്യോതി പ്രയാണത്തിനു പാലക്കാട് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മന്ത്രിസഭാ അജൻഡയ്ക്കു പുറത്തുള്ള തീരുമാനമാണ് സാന്പത്തിക സംവരണം നടപ്പാക്കൽ.
മുന്നോക്ക സമുദായത്തിലെ ചില ഉപജാപങ്ങളാണ് ഈ സർക്കാരിനെ നയിക്കുന്നത്.
ദേവസ്വം മന്ത്രിയെ ചങ്ങനാശേരിക്കു പറഞ്ഞയച്ച് അവിടെ നിന്നുള്ള അഭിപ്രായം കേട്ട് തീരുമാനം എടുത്തതിൽ തെറ്റുപറ്റിയെങ്കിൽ തിരുത്താൻ മുഖ്യമന്ത്രി തയാറാവണം, അല്ലെങ്കിൽ കാലം അതു തിരുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജാഥാ ക്യാപ്റ്റൻ തുഷാർ വെള്ളാപ്പള്ളി, സ്വാഗതസംഘം ചെയർമാൻ കെ.ആർ.ഗോപിനാഥ്, സ്വാഗതസംഘം ജനറൽ കണ്‍വീനർ എ.എൻ.അനുരാഗ്, എസ്എൻഡിപി യോഗം കൗണ്‍സിലർ കെ.ഡി.രമേഷ്, ഗിരീഷ് ചെങ്ങന്നൂർ, പി.ടി.മന്മഥൻ എന്നിവർ പ്രസംഗിച്ചു.