ചേര്‍ത്തല: എട്ടാം തവണയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശന് തെരഞ്ഞെടുക്കപ്പെട്ടു. ചേര്‍ത്തല എസ്എന്‍ കോളജില്‍ ഇന്നലെ നടന്ന വോട്ടെടുപ്പില്‍ വെള്ളാപ്പള്ളിയുടെ പാനലിലെ സ്ഥാനാര്‍ഥികള്‍ 95 ശതമാനത്തോളം വോട്ട് നേടിയാണ് വിജയിച്ചത്. താക്കോല്‍ ചിഹ്നത്തിലാണ് ഔദ്യോഗിക പാനലിലെ സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. ചെയര്‍മാനായി ഡോ. എം.എന്‍ സോമന്, അസിസ്റ്റന്റ് സെക്രട്ടറിയായി വി.എന്‍ തുഷാര്‍ വെള്ളാപ്പള്ളി, ട്രഷററായി ഡോ. ജി. ജയദേവന് എന്നിവരാണ് വിജയിച്ചത്.
എം.എന്‍ സോമന് 1052 വോട്ടും എതിര് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വര്‍ക്കല സ്വദേശി ചെറിന്നിയൂര് ജയപ്രകാശിന് 44 വോട്ടും ലഭിച്ചു. 55 വോട്ട് അസാധുവായി. വെള്ളാപ്പള്ളി നടേശന് 1109 വോട്ട് നേടി. എതിര് സ്ഥാനാര്‍ത്ഥി കൊല്ലം സ്വദേശി ബി. പുരുഷോത്തമന് 41 വോട്ടേനോടാനായുള്ളു. 15 വോട്ട് അസാധുവായി. തുഷാറിന് 1097 വോട്ടും എതിര് സ്ഥാനാര്‍ത്ഥി ഹര്‍ഷകുമാറിന് 52 വോട്ടും ലഭിച്ചു. 12 വോട്ട് അസാധുവായി. ഡോ. ജി. ജയദേവന് 1046 വോട്ട് നേടി. എതിര് സ്ഥാനാര്‍ത്ഥി ജി. ശ്യാംകുമാറിന് 64 വോട്ട് കിട്ടി. 55 വോട്ട് അസാധുവായി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍.
എസ്.ആര്.എം അജി, എ.വി ആനന്ദ് രാജ്കെ.ആര് ഗോപിനാഥന് എ.ജി തങ്കപ്പന് പി.എന്‍ നടരാജന് കെ. പത്മകുമാര്‍ പ്രേം രാജ് മോഹന്‍ ശങ്കര്‍ , പി.എം രവീന്ദ്രന് എന്‍. രാജേന്ദ്രന് , ഇറവങ്കര വിശ്വനാഥന് സന്തോഷ് അരയക്കണ്ടി ഡി. സുഗതന് സുപ്രിയ സുരേന്ദ്രന് എ. സോമരാജന് വി. സുഭാഷ് സംഗീത വിശ്വനാഥന് എക്സിക്യുട്ടീവിലേക്ക് എതിര് പാനലില്‍ മത്സരിച്ച പ്രഫ. പി.എന്‍ അനിരുദ്ധന് 63 വോട്ടും ഡോ. എസ്. അശോകിന് 60 വോട്ടുമേ നേടാനായുള്ളു.
ആറ് പേരാണ് വിളക്ക് ചിഹ്നത്തില്‍ മത്സരിച്ചത്. ആകെയുള്ള 1601 വോട്ടര്‍മാരില്‍ 1168 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 1996 ലാണ് വെള്ളാപ്പള്ളി നടേശന് ആദ്യമായി എസ്എന്‍ ട്രസ്റ്റിന്റെ സെക്രട്ടറി ആയത്. കൊല്ലത്ത് നടന്ന യോഗത്തില്‍ ഏകകണ്ഠമായാണ് വെള്ളാപ്പള്ളിയെ തീരുമാനിച്ചത്. തുടര്‍ന്ന് മൂന്നു വര്‍ഷം കൂടുമ്പോള്‍ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം മത്സരമില്ലാതെയാണ് സെക്രട്ടറിയായത്. 1997 ല്‍ നടന്ന എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറിയുമായി. തുടര്‍ന്ന് നടന്ന എസ്എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പുകളിലെല്ലാം സെക്രട്ടറി സ്ഥാനത്തേക്ക് വെള്ളാപ്പള്ളി നടേശന് പകരക്കാരനില്ലാതെയായി.
ഡോ.എം.എന്‍.സോമന് മൂന്നാം തവണയാണ് ട്രസ്റ്റ് ചെയര്മാന് ആകുന്നത്. എസ്എന്‍ഡിപി യോഗത്തിന്റെ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും രണ്ടാം തവണയാണ് അസി.സെക്രട്ടറിയാവുന്നത്. ഡോ. ജി. ജയദേവന് ആറാം തവണയാണ് തുടര്‍ച്ചയായി ട്രഷററാവുന്നത്. നാല് ഔദ്യോഗിക ഭാരവാഹികളുടെയും 17 എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗങ്ങളും അടക്കം 21 അംഗങ്ങളുടെ തെരഞ്ഞെടുപ്പാണ് നടന്നത്.
ഇന്നലെ രാവിലെ നടന്ന യോഗത്തില്‍ ഔദ്യോഗിക പക്ഷം 21 പേരുടെ പാനല്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നാല് ഔദ്യോഗിക സ്ഥാനങ്ങളിലേക്കും രണ്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുമായി ആറ് പേര് പത്രിക നല്കി. അവസാനപട്ടിക പ്രസിദ്ധീകരിച്ച ശേഷം ഉച്ചയ്ക്ക് ഒന്നിന് പോളിങ് തുടങ്ങി. ആകെ 1601 വോട്ടര്‍മാരാണുള്ളത്. വൈകുന്നേരം അഞ്ചിന് പോളിഗ് സമാപിച്ച ഉടന്‍ വോട്ടെണ്ണല്‍ തുടങ്ങി. രാത്രിയോടെയാണ് ഫലം പ്രഖ്യാപിച്ചത്. തുടര്‍ന്ന് നടന്ന അനുമോദന സമ്മേളനത്തില്‍ വെള്ളാപ്പള്ളി നടേശന്, എം.എന്‍ സോമന്, തുഷാര്‍ വെള്ളാപ്പള്ളി, ജി. ജയദേവന് എന്നിവര്‍ സംസാരിച്ചു.