സ്വന്തം ലേഖകൻ
തൃശൂർ: തൃശൂരിൽ എൻഡിഎ പച്ച തൊടില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയിൽ തൃശൂരിലെ ബിജെപി നേതൃത്വത്തിന് കടുത്ത പ്രതിഷേധം. ബിജെപിയും ബിഡിജെഎസും തമ്മിൽ തൃശൂർ, ചാലക്കുടി സീറ്റുകളെ സംബന്ധിച്ച് സജീവ ചർച്ചകൾ നടക്കുന്നതിനിടെയാണ് വെള്ളാപ്പള്ളിയുടെ പ്രവചനം വന്നത്. തൃശൂരിൽ ബിജെപിയുടെ കെ.സുരേന്ദ്രനോ ബിഡിജെഎസിന്റെ തുഷാർ വെള്ളാപ്പള്ളിയോ മത്സരിക്കുമെന്ന ധാരണയിൽ മുന്നോട്ടുപോകുന്നതിനിടെയാണ് വെള്ളാപ്പള്ളിയുടെ ഡയലോഗ്.
വെള്ളാപ്പള്ളിയുടെ പ്രസ്താവന കാര്യമാക്കുന്നില്ലെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. വിജയം സാധ്യമാക്കാവുന്ന സീറ്റെന്ന നിലയിൽ തൃശൂരിൽ ബിജെപി സുരേന്ദ്രനെ മത്സരിപ്പിക്കാൻ നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നു. കഴിഞ്ഞദിവസം ചേർന്ന ബിജെപി കോർകമ്മിറ്റി യോഗത്തിൽ തൃശൂർ സീറ്റ് ബിജെപിക്ക് തന്നെവേണമെന്ന നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചിരുന്നത്.
അതേസമയം തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി ബിഡിജെഎസ് ലക്ഷ്യമിട്ടിരിക്കുന്നത് തൃശൂർ മണ്ഡലമാണ്. എന്നാൽ ബിജെപി സംസ്ഥാന നേതൃത്വം വിജയസാധ്യതയുള്ള പട്ടികയിൽ എ വണ് കാറ്റഗറിയിൽപ്പെടുത്തിയിരിക്കുന്ന സീറ്റ് ബിഡിജെഎസിന് വിട്ട് നൽകേണ്ടതില്ലെന്ന നിലപാടാണ് ബിജെപി ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനുമുള്ളത്.
തുഷാർ വെള്ളാപ്പള്ളിക്കും ബിഡിജെഎസിനെതിരെയുമുള്ള എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവന കരുതലോടെയാണ് എൻഡിഎ നേതൃത്വം നോക്കി കാണുന്നത്. തൃശൂരിൽ എൻഡിഎ പച്ചതൊടില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയിൽ ബിജെപി ജില്ലാ നേതൃത്വത്തിന് ആദ്യം അന്പരപ്പുണ്ടായെങ്കിലും പിന്നീട് അവർ ഈ പ്രസ്താവനയെ പാടെ തള്ളി.
എൻഡിഎ കേന്ദ്ര നേതൃത്വം ഇടപ്പെട്ട് തുഷാർ വെള്ളാപ്പള്ളിയെ തൃശൂരിൽ സ്ഥാനാർത്ഥിയാക്കാൻ കരുക്കൾ നീക്കിയതിനാൽ സുരക്ഷിത മണ്ഡലം നൽകേണ്ട ബാധ്യത ബി.ജെ.പിക്കുമുണ്ട്. തൃശൂർ സീറ്റ് ബിഡിജെഎസിന് വിട്ട് നൽകണമോയെന്ന കാര്യത്തിൽ അന്തിമതീരുമാനം ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രകമ്മിറ്റിക്ക് നൽകി കാത്തിരിക്കുകയാണ്. സീറ്റ് സംബന്ധിച്ചും സ്ഥാനാർഥിയെ സംബന്ധിച്ചും അന്തിമ തീരുമാനം ശനിയാഴ്ചയുണ്ടായേക്കും.
അതിനിടെ ബിഡിജെഎസിൽ പിളർപ്പുണ്ടായെന്നതും പുതിയപാർട്ടിയെ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നതും നേതൃത്വത്തിന് ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെങ്കിലും പ്രശ്നങ്ങളൊന്നുമുണ്ടാവില്ലെന്ന പ്രത്യാശയിലാണ് ബിഡിജെഎസ് നേതാക്കൾ.
സുരേന്ദ്രനായാലും തുഷാറായാലും തൃശൂരിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വോട്ടിംഗ് ശതമാനം കഴിഞ്ഞ തവണത്തേക്കാൾ വർധിപ്പിക്കാനാണ് എൻഡിഎ പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
വെള്ളാപ്പള്ളിയുടെ പരസ്യമായ വെല്ലുവിളിയോടെ ബിജെപി – ബിഡിജെഎസ് നേതൃത്വത്തിനും തൃശൂർ സീറ്റിലെ ജയം കനത്ത ഉത്തരവാദിത്വവും ബാധ്യതയുമായി മാറിയിരിക്കുകയാണ്.