
ആലപ്പുഴ: ചില മാധ്യമങ്ങളിൽ നല്കിയ പരസ്യത്തിലൂടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വെള്ളപൂശാൻ ശ്രമിക്കുന്ന നീക്കത്തിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുമെന്ന് എസ്എൻഡിപി യോഗം സംരക്ഷണസമിതി കണ്‍വീനർ അഡ്വ. ചന്ദ്രസേനൻ.
കൊല്ലം എസ്എൻ കോളജ് സൂവർണജൂബിലി ഫണ്ട് കേസ്, യാഥാർഥ്യമെന്ത്? എന്ന തലക്കെട്ടിൽ വെള്ളാപ്പള്ളി നടേശന്റെ ചിത്രവും ആലേഖനം ചെയ്താണ് പരസ്യം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. മറ്റൊരാളുടെ പേരിലാണ് പരസ്യം വന്നിട്ടുള്ളതെങ്കിൽ പോലും ഇതിൽ കോടതിയലക്ഷ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമാണിത്. പരസ്യത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ നിരവധി പ്രശ്നങ്ങളുണ്ട്. വസ്തുതാവിരുദ്ധമായ കാര്യങ്ങളുമുണ്ട്. ഇതെല്ലാം കോടതിയിൽ ബോധിപ്പിക്കും.
എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പിന്റെ സമയം അടുത്തിരിക്കുന്നതിനാലും എസ്എൻ കോളജിൽ ഇന്റർവ്യു നടത്തി ആളെ നിയമിക്കേണ്ടതിനാലുമൊക്കെ അണികളുടെ ഇടയിൽ മുഖം രക്ഷിച്ചെടുക്കേണ്ടത് വെള്ളാപ്പള്ളിയെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്.
രാഷ്ട്രീയക്കാർ വരെ കൈയൊഴിഞ്ഞ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കവുമായി അദ്ദേഹം രംഗത്തെത്തിയതെന്നും അഡ്വ. ചന്ദ്രസേനൻ കൂട്ടിച്ചേർത്തു.
ഹൈക്കോടതിയിലും സിജഐം കോടതിയിലുമൊക്കെയായി കയറിയിറങ്ങിയിട്ടുള്ള കേസാണ് ഇത്. ഇത്തരത്തിലൊരു പരസ്യം ഇപ്പോൾ കൊടുത്തത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.