കൊട്ടാരക്കര: സമുദായത്തിന് അർഹതപ്പെട്ട പലതും നേടാനായില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. കൊട്ടാരക്കര എസ്എൻഡിപി താലുക്ക് യൂണിയനിൽ നടപ്പിലാക്കുന്ന കർമപദ്ധതിയായ അറിവ് പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ഈഴവ സമുദായത്തിന് അർഹതപ്പെട്ട പലതും നേടി എടുക്കാനുള്ള അറിവ് ഇല്ലാതെ പോയി. കേന്ദ്ര- സംസ്ഥാന സർക്കാറുകൾ സാമ്പത്തികമായും സാമൂഹ്യ പരമായും പിന്നോക്കം നിൽക്കുന്നവർക്ക് പല വിധ ആനുകൂല്യങ്ങളും സഹായങ്ങളും നൽകുന്നുണ്ട്.
അതിനെക്കുറിച്ച് ബോധവൽക്കരിക്കുവാനുമാണ് അറിവ് പദ്ധതി കൊണ്ട് ഉദ്യേശിക്കുന്നതെന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൊട്ടാരക്കര എസ്എൻഡിപി, യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ അധ്യക്ഷത വഹിച്ചു. യുണിയൻ സെക്രട്ടറി വി വിശ്വംഭരൻ മുഖ്യ പ്രഭാഷണം നടത്തി. ബോർഡ് മെമ്പർമാരായ രവീന്ദ്രൻ, പി അരുൾ, സജീവ് ബാബു എന്നിവർ പ്രസംഗിച്ചു.