കൊച്ചി: എസ്എൻഡിപി യോഗത്തിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പിരിച്ചെടുത്ത തുക ജനറൽ സെക്രട്ടറി കൈമാറിയില്ലെന്ന് ആരോപണം. ചേർത്തല സ്വദേശി സി.പി. വിജയൻ, അശോകൻ ചാരങ്ങാട്ട് എന്നിവരാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ ആരോപണവുമായി രംഗത്തുവന്നിട്ടുള്ളത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏഴായിരം ശാഖകളിൽനിന്ന് 30,000 രൂപ വീതമാണ് പ്രളയ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. എന്നാൽ പിരിച്ചെടുത്ത 21 കോടി രൂപയിൽനിന്ന് വെറും ഒരു കോടി രൂപ മാത്രമാണ് ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. ബാക്കി തുക എവിടെപ്പോയെന്ന് ജനറൽ സെക്രട്ടറി വ്യക്തമാക്കണമെന്നും ഇവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മുഖ്യമന്തിയുടെ ദുരിതാശ്വാസനിധിയിലേക്ക് വെള്ളാപ്പള്ളി നടേശൻ വ്യക്തിപരമായി ഒരു കോടി രൂപ നൽകിയെന്ന വാർത്ത അറിയില്ലെന്നും എസ്എൻ കോളജിലും എസ്എൻ ട്രസ്റ്റിലും നടത്തിയിട്ടുള്ള നിയമനങ്ങൾ നിയമവിരുദ്ധമായാണെന്നും ഇവർ പറഞ്ഞു.