ചേർത്തല: ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ ക്ഷണം സ്വീകരിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കുടുംബസമേതം രാജ്ഭവനിൽ എത്തി. അവിട്ടം നാളിലായിരുന്നു വെള്ളാപ്പള്ളി രാജ്ഭവനിൽ എത്തിയത്.
ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ തലപ്പത്ത് വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ ചേർത്തല ശ്രീനാരായണ കോളജിൽ 2021 ഡിസംബർ അഞ്ചിന് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു ഗവർണർ വെള്ളാപ്പള്ളിയെ ക്ഷണിച്ചത്.
രാജ്ഭവനിൽ എത്തിയ വെള്ളാപ്പള്ളി ഗവർണർക്ക് ഓണപ്പുടവ കൈമാറി.ഗവർണർ വെള്ളാപ്പള്ളിക്ക് ഒരു പേനയും സമ്മാനിച്ചു.
അത്താഴം കഴിച്ച് മണിക്കൂറുകൾ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. ഭാര്യ പ്രീതി നടേശൻ, മകൾ വന്ദന, മരുമകൻ ശ്രീകുമാർ എന്നിവരും വെള്ളാപ്പള്ളിക്ക് ഒപ്പമുണ്ടായിരുന്നു.