ചേർത്തല: വിശ്വാസികളെ സർക്കാരിനെതിരെ അണിനിരത്താനുള്ള ആയുധമാണ് നാമജപമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കൊച്ചിൻ ദേവസ്വംബോർഡിൽ നിയമനം ലഭിച്ച ശാന്തിമാർക്ക് ശ്രീനാരായണ വൈദികവേദിയുടെ നേതൃത്വത്തിൽ നടത്തിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങളിൽ ആധിപത്യം സ്ഥാപിക്കാനും നിലനിർത്താനുമുള്ള ശ്രമമാണ് ശബരിമലയെയും ആത്മീയതയെയും വിശ്വാസത്തെയും ആയുധമാക്കി ചിലർ നടത്തുന്നത്. ആചാരങ്ങളുടെയും ദൈവനിശ്ചയങ്ങളുടെയും പേരിലാണ് അധഃസ്ഥിതരെയും പിന്നോക്കക്കാരെയും അകറ്റിയതും അടിമകളാക്കിയതും. വരേണ്യവർഗത്തിന്റെ തന്ത്രമാണ് ഇതിനെല്ലാം പിന്നിൽ.
ശബരിമല സ്ത്രീപ്രവേശനത്തിലെ സുപ്രീംകോടതിവിധി സർക്കാരിനെതിരെ ആയുധമാക്കുന്നതിലും ഈ തന്ത്രമാണുള്ളത്. എസ്എൻഡിപി യോഗം നേതാവ് ആർ. ശങ്കറിനെ കെപിസിസി പ്രസിഡന്റാക്കി സമരം നയിച്ചത് പിന്നോക്കക്കാരുടെ പിന്തുണ നേടാനായിരുന്നു. പക്ഷെ തുടർന്ന അദ്ദേഹത്തിന് മുഖ്യമന്ത്രിപദം നൽകാതെ തന്ത്രപരമായി കളിച്ചു.
പിൽക്കാലത്ത് മുഖ്യമന്ത്രിയായ ആർ. ശങ്കറിനെ മുട്ടാന്യായംപറഞ്ഞ് പുറത്താക്കി. ഈ ചരിത്രം അറിയാത്ത പുതുതലമുറയെ വിശ്വാസത്തിന്റെ പേരിൽ അണിനിരത്തി രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമം. ബിജെപിയും കോണ്ഗ്രസും ഇക്കാര്യത്തിൽ ഒന്നിച്ചു. സുപ്രീംകോതിവിധി നടപ്പാക്കുകയെന്ന കടമയാണ് സർക്കാർ നിറവേറ്റുന്നത്.
വിധിയെ നിയമരപരമായി ചോദ്യം ചെയ്യുന്നതിന് പകരം സമരവുമായി ഇറങ്ങിയതിന് പിന്നിൽ ഭക്തിയല്ല. കോടതിവിധി എന്തായാലും നടപ്പാക്കുമെന്ന സർക്കാർ നിലപാട് ഭരണഘടനാപരമാണ്. എന്നിട്ടും സർക്കാരിനെതിരെ സമരം ചെയ്യുന്നവരുടേത് ഭക്തിയല്ലായെന്ന് ശബരിമലയിലെ കലാപനീക്കം തെളിയിച്ചു. സ്ത്രീകളുടെ പ്രായവും ഇരുമുടിക്കെട്ടും പരിശോധിച്ചത് ശബരിമലയിലെ ശാന്തിയും സമാധാനവും തകർക്കാനാണ്.
ക്ഷേത്രങ്ങളിൽ കാണിയ്ക്കയിടരുതെന്ന് പ്രചരിപ്പിച്ചത് ഏതു വിശ്വാസമാണെന്ന് മനസിലാകുന്നില്ല. പുനഃപരിശോധനാ ഹർജികളിൽ സുപ്രിംകോടതിയുടെ തീരുമാനം വന്നിട്ടും സമരക്കാർ പിന്തിരിയാൻ തയാറാകാത്തത് അവരുടെ രാഷ്ട്രീയ ലക്ഷ്യമാണ് ആവർത്തിക്കുന്നത്.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം പിന്നിട്ടെങ്കിലും യഥാർഥ ആരാധനാ സ്വാതന്ത്ര്യം ഇപ്പോഴും യാഥാർഥ്യമായിട്ടില്ല. അബ്രാഹ്മണരെ പ്രധാനപ്പെട്ട ഒരുക്ഷേത്രത്തിലും പൂജാരിയാക്കിയിട്ടില്ല. കൊച്ചിൻ ദേവസ്വത്തിൽ പിന്നോക്കക്കാരെ ശാന്തിമാരാക്കിയ ബോർഡിനെയും സർക്കാരിനെയും അഭിനന്ദിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.