ആലപ്പുഴ: കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മയുടെ തോൽവി അർഹിച്ചതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മേഴ്സി ഒട്ടും ഇല്ലാത്ത ആളാണ് മേഴ്സിക്കുട്ടിയമ്മ.
പാർട്ടി പ്രവർത്തകരോട് പോലും ചാടിക്കടിക്കുന്ന ബൂർഷ്വാ സ്വഭാവമാണ് അവർക്ക്. ഇനിയെങ്കിലും തിരുത്തിയാൽ അവർക്ക് നല്ലതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.മന്ത്രി കെ.ടി. ജലീലിന് ഷോക്ക് ട്രീറ്റ്മെന്റ് കിട്ടിയതിൽ സന്തോഷിക്കുന്നു.
ജലീലിന്റേത് സാങ്കേതികമായ ജയം മാത്രമാണ്. കഷ്ടിച്ചു കടന്നുപോവുകയായിരുന്നു. അത് കാന്തപുരത്തിന്റെ പിന്തുണയിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചു. ഒരു കോണ്‍ഗ്രസുകാരനെയും വീട്ടില്‍ കയറ്റിയില്ല. ആലപ്പുഴയിലെ കോൺഗ്രസുകാർ വ്യക്തിപരമായി ആക്രമിച്ചുവെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.
എന്നാൽ കോൺഗ്രസിന്റെ അധ:പതനത്തിൽ വിഷമമുണ്ട്. കേരളത്തിൽ ആർക്കും വേണ്ടാത്ത പാർട്ടിയായി അവർ മാറിയെങ്കിൽ നയത്തിന്റെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ “ചങ്ങനാശേരി തമ്പുരാൻ’ എന്നുവിളിച്ച് വെള്ളാപ്പള്ളി പരിഹസിക്കുകയും ചെയ്തു. സുകുമാരൻ നായരുടെ മകൾക്ക് പിണറായി എല്ലാ സ്ഥാനമാനങ്ങളും നൽകി.
എന്നാൽ പിണറായിയെ സവർണ നേതൃത്വം ആക്രമിച്ചു. നന്ദികേടിന്റെ പേരാണ് സുകുമാരൻ നായർ. പിന്നാക്ക വിഭാഗങ്ങളാണ് പിണറായിയെ വിജയിപ്പിച്ചതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.