
ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കൊല്ലം എസ്എൻ കോളജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യുന്നത്. കണിച്ചുകുളങ്ങരയിലെ വസതിയിലാണ് ചോദ്യം ചെയ്യുന്നത്.
ജൂലൈ എട്ടിന് കേസ് പരിഗണിച്ച ഹൈക്കോടതി കേസിൽ കുറ്റപത്രം രണ്ടാഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് ക്രൈംബ്രാഞ്ചിനോട് നിർദേശിച്ചിരുന്നു.
ഈ സമയപരിധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് നടപടി. തനിക്കെതിരായായ അന്വേഷണം ശരിയല്ലെന്ന വാദം വെള്ളാപ്പള്ളി അന്ന് കോടതിയിൽ ഉന്നയിച്ചെങ്കിലും ഇത് കോടതി തള്ളിയിരുന്നു.
1997-98ല്‍ കൊല്ലം എസ്എന്‍ കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചപ്പോള്‍ ഓഡിറ്റോറിയവും ലൈബ്രറി കോംപ്ലക്സും നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പണം കണ്ടെത്താന്‍ എക്സിബിഷനും പിരിവും നടത്തി.
എന്നാൽ പിന്നീട് കൊല്ലം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന സുവര്‍ണ ജൂബിലി ഫണ്ട് വെള്ളാപ്പള്ളി നടേശന് വകമാറ്റിയെന്നാണ് പരാതി. എസ്എൻ ട്രസ്റ്റ് ട്രസ്റ്റിയായിരുന്ന പി. സുരേഷ് ബാബുവാണ് പരാതിക്കാരൻ.