ചേർത്തല: ലോക്സഭാ തെരഞ്ഞെടുപ്പിൽ തുഷാർ മത്സരിക്കണമെങ്കിൽ എസ്എൻഡിപിയിലെ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
തുഷാർ ലോക്സഭയിലേക്ക് മത്സരിക്കുന്നതിൽ താൻ എതിരല്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തുഷാറിനുള്ളത് ശക്തമായ സംഘടനാ സംസ്കാരമാണ്. എസ്എൻഡിപി ഭാരവാഹി സ്ഥാനം രാജിവയ്ക്കേണ്ടിവരുമോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്എൻഡിപിക്ക് ഒരു പാർട്ടിയോടും പ്രത്യേക സ്നേഹമോ വിദ്വേഷമോ ഇല്ല. തുഷാറിനോടും എസ്എൻഡിപിക്ക് ശരിദൂരമായിരിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
ലോക്സഭയിലേക്ക് തുഷാർ മത്സരിക്കുകയാണെങ്കിൽ എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. തുഷാർ മത്സരിച്ചാൽ തോൽക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
എസ്എൻഡിപിക്കു രാഷ്ട്രീയമില്ല. അതുകൊണ്ടു തന്നെ നേതാക്കൾ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ചു മത്സരിക്കുന്നതിനോടു യോജിപ്പില്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയിരുന്നു.
അതേസമയം ലോക്സഭയിലേക്ക് തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ബിഡിജെഎസ് പ്രവർത്തകരുമായി ചർച്ച നടത്തിയശേഷമേ ഇക്കാര്യം തീരുമാനിക്കുകയുള്ളുവെന്ന് തുഷാർ കഴിഞ്ഞ ദിവസം ഡൽഹിയിൽവച്ച് പറഞ്ഞിരുന്നു.
എൻഡിഎ മുന്നണിക്കൊപ്പമാണ് ബിഡിജെഎസ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. വയനാട്, ആലത്തൂർ, ഇടുക്കി, തൃശൂർ, മാവേലിക്കര സീറ്റുകളിൽ ബിഡിജെഎസ് ജനവിധി തേടുന്നത്. തൃശൂരിൽ തുഷാർ മത്സരിക്കണമെന്ന ആവശ്യം ഉയർന്നുവന്നിരുന്നു.