ചെങ്ങന്നൂന്നൂർ: എസ്എൻഡിപി യൂണിയൻ മുൻനേതാക്കൾ ചേർന്നു രൂപീകരിച്ച വെള്ളാപ്പള്ളി നടേശൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ നടന്ന വൻ തിരിമറിയുടെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവ്. എസ്എൻഡിപി യൂണിയൻ മുൻ പ്രസിഡന്റ് സന്തോഷ്കുമാറും സെക്രട്ടറി അനു സി. സേനനും പ്രതികളായി ചെങ്ങന്നൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവായത്.
യൂണിയന്റെ മുൻ നേതാക്കൾ ചേർന്നു രൂപീകരിച്ച വെള്ളാപ്പള്ളി നടേശൻ ചാരിറ്റബിൾ ട്രസ്റ്റിൽ അംഗത്വമെടുത്ത 35ൽ പരം ആളുകളിൽനിന്ന് മുപ്പത്തി അഞ്ചുലക്ഷത്തിൽപരം രൂപ അപഹരിച്ചു എന്നാണ് കേസ്.
ട്രസ്റ്റിന്റെ ചുമതലക്കാരായ സന്തോഷ്കുമാറിന്റെയും അനു സി. സേനന്റെയും പേരിൽ യൂണിയൻ ബാങ്കിന്റെ കോഴഞ്ചേരി ബ്രാഞ്ചിൽ നിക്ഷേപിച്ചിരുന്ന 30 ലക്ഷത്തിൽ പരം രൂപ ട്രസ്റ്റിന്റെ മറ്റു ഭാരവാഹികളോ എക്സിക്യുട്ടീവ് കമ്മിറ്റിയോ അറിയാതെ പണം പിൻവലിച്ചിരുന്നു.
ഇതു സംബന്ധിച്ചു യോഗം അസിസ്റ്റന്റ് സെക്രട്ടറിയും ചെങ്ങന്നൂർ യൂണിയൻ ചെയർമാനുമായ അനിൽ പി. ശ്രീരംഗം കെ.എൻ. രാധാകൃഷ്ണൻ മുഖാന്തിരം ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായത്.