വടക്കാഞ്ചേരി: ഇടതു വലതു മുന്നണികൾക്ക് ഈഴവ സമുദായത്തിന്റെ വോട്ടുകൾ മാത്രം മതിയെന്നും സംഘടനയ്ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
തലപ്പിള്ളി താലൂക്ക് എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ പാർളിക്കാട് സംഘടിപ്പിച്ച നേതൃത്വ പഠന ക്യാന്പും സൗജന്യ പഠനോപകരണക്കിറ്റ് വിതരണവും, എസ്എസ്എൽസി അവാർഡ് ദാനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. സാമൂഹ്യനീതിയാണ് എസ്എൻഡിപി യൂണിയന്റെ രാഷ്ട്രീയം. ജാതിവിവേചനമാണു ജാതിചിന്ത വളർത്തുന്നത് – അദ്ദേഹം കൂട്ടിചേർത്തു.
ചടങ്ങിൽ തലപ്പിള്ളി യൂണിയൻ പ്രസിഡന്റ് എം.എസ്. ധർമ്മരാജൻ അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി വിജയികൾക്കുള്ള അവാർഡുകൾ യോഗം കൗണ്‍സിലർ ബേബിറാം നിർവ്വഹിച്ചു. യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദൻ, യോഗം കൗണ്‍സിലർമാരായ പി.റ്റി. മഥൻ, ഷീബ ടീച്ചർ, പെരുന്പാവൂർ യൂണിയൻ സെക്രട്ടറി എ.പി. ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. തലപ്പിള്ളി യൂണിയൻ സെക്രട്ടറി ടി.ആർ. രാജേഷ് സ്വാഗതവും, വൈസ് പ്രസിഡന്റ് പി.കെ.ഭരതൻ നന്ദിയും പറഞ്ഞു.