ചാലക്കുടി: ഷോളയാർ, പെരിങ്ങൽകുത്ത് ഡാമുകൾ തുറന്നതോടെ ചാലക്കുടി പുഴയിലെ ജലവിതാനം ക്രമാതീതമായി ഉയർന്നു. പുഴ പല സ്ഥലങ്ങളിലും കരകവിഞ്ഞൊഴുകുന്ന അവസ്ഥയിലാണ്. കൂടപ്പുഴ തടയണയുടെ ഭാഗത്ത് പുഴയിൽ നിന്നും വെള്ളം റോഡിലേക്ക് കയറി.
പുഴയോരത്തുള്ള റോഡ് മുങ്ങി. പരിയാരം പോത്തുണ്ടി പാലത്തിനടുത്ത് വെള്ളം ഉയർന്നു. അന്തിരി ഡേവീസിന്റെ വീട്ടിലേക്ക് വെള്ളം കയറി. കപ്പത്തോട് നിറഞ്ഞൊഴുകി. പരിയാരം, കുറ്റിക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ പറന്പുകളിലേക്ക് കയറിയിട്ടുണ്ട്. പുഴയിൽ നിന്നും വെള്ളം കപ്പത്തോട്ടിലേക്ക് കയറുന്ന അവസ്ഥയാണ്.
കമ്മളം ഭാഗത്ത് വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. പറന്പിക്കുളത്തുനിന്നും വെള്ളം തുറന്നു വിട്ടിട്ടുണ്ട്. ഇതോടെ ചാലക്കുടി പുഴയിൽ വെള്ളം ഇനിയും ഉയരാൻ സാധ്യതയുണ്ട്. ചാലക്കുടി പുഴ കരകവിഞ്ഞ് പുഴയോര പ്രദേശങ്ങളിലേക്ക് വെള്ളം കയറി. ചാലക്കുടി വെട്ടുകടവ് ഭാഗത്ത് 15 വീടുകളിലേക്ക് കഴിഞ്ഞ ദിവസം രാത്രി വെള്ളം കയറി. വെട്ടുകടവ് റോഡിലേക്കും വെള്ളം കയറിയിട്ടുണ്ട്.
പരിയാരം മങ്കലൻ കോളനിയിലേക്ക വെള്ളം കയറിയതിനെ തുടർന്ന് 15 വീട്ടുകാരെ പരിയാരം സെന്റ് ജോർജ് സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു. പരിയാരം, കുറ്റിക്കാട് എന്നിവിടങ്ങളിൽ കപ്പത്തോട് കരകവിഞ്ഞൊഴുകി പറന്പുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. ചാലക്കുടി പുഴയിൽ ക്രമാതീതമായി വെള്ളം ഉയർന്നിരിക്കുകയാണ്.
മേലൂർ ശാന്തിപുരത്ത് ഡിവൈൻ നഗർ കോളനിയിൽ അന്പതോളം വീടുകളിൽ വെള്ളം കയറി. പല വീടുകളിലും ഗൃഹോപകരണങ്ങൾ നശിച്ചു. ഇവരെ ഡിവൈൻ ധ്യാനകേന്ദ്രത്തിലേക്ക് മാറ്റി സ്ഥാപിച്ചു.