വൈക്കം: ജില്ലയിൽ വെള്ളപ്പൊക്കക്കെടുതിയുടെ ഏറ്റവും കൂടുതൽ ദുരിതം പേറുന്ന വൈക്കം നിവാസികൾക്ക് വീടുകളിൽ നിന്ന് വെള്ളം ഇറങ്ങി തുടങ്ങിയത് ആശ്വാസമായെങ്കിലും തുടർന്നുള്ള കാര്യങ്ങൾ എങ്ങനെ നിർവഹിക്കുമെന്ന കാര്യത്തിൽ ആശങ്ക തുടരുകയാണ്. വിവിധ ക്യാന്പുകളിലായി 42000 ത്തോളമാളുകളാണ് കഴിയുന്നത്.
കോതനല്ലൂരിലെ ഒരു ക്യാന്പുമാത്രമാണ് നിർത്തിയത്. ജലാശയങ്ങളുടെ ഓരത്തുള്ള വീടുകളിൽ നിന്നു പൂർണമായി വെള്ളമിറങ്ങാൻ ഇനി രണ്ടു ദിവസമെങ്കിലുമെടുക്കും. വീടിനുള്ളിലും പരിസരത്തും ചെളിയുംമാലിന്യങ്ങളും നിറഞ്ഞിരിക്കുകയാണ്.
വെള്ളം നിറഞ്ഞ് കക്കുസ് ടാങ്കടക്കം പൊട്ടിയൊഴുകി വീട്ടുപരിസരവും നാട്ടുവഴികളും മലിനമാണ്. സാംക്രമിക രോഗ ഭീഷണി നിലനിൽക്കുന്നതിനാൽ വൈദ്യ പരിശോധന ക്യാന്പുകളും ശുചീകരണത്തിനായി അണുനാശിനി അടക്കമുള്ളവ താലൂക്ക് ഓഫീസ്, പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ കളക്ഷൻ സെന്ററിൽ സജ്ജമാക്കിയിട്ടുണ്ട്.
രണ്ടു മാസത്തിനിടയിൽ മുന്നു തവണ വെള്ളപ്പൊക്ക ദുരിതമുണ്ടായതോടെ ചെറുകിട കർഷകരും കർഷകതൊഴിലാളികളും മൽസ്യ ,കക്ക തൊഴിലാളികളുമടക്കമുള്ള നിർധന കുടുംബങ്ങളും തൊഴിൽ നഷ്ടമായി കടുത്ത പ്രതിസന്ധി നേരിടുകയാണ്. പ്രദേശത്തെ 95 ശതമാനം ജനങ്ങളും ക്യാന്പുകളിലാണ് കഴിയുന്നത്.
ക്യാന്പുകൾ വിട്ടാൽ ഉടുതുണിയല്ലാതെ മറ്റൊന്നും കയ്യിലില്ലാത്തിവർ ഓണക്കാലത്ത് പട്ടിണി കിടക്കേണ്ട സ്ഥിതിയുണ്ടാകും. കുറഞ്ഞത് ഒരു മാസത്തേക്കെങ്കിലും ഭക്ഷണ സാധനങ്ങൾ, മരുന്നുകൾ,വസ്ത്രങ്ങൾ, പാത്രങ്ങൾ, അണുനാശിനികൾ തുടങ്ങിയവ ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. സാധാരണക്കാരുടെ കുടുംബങ്ങളിലെ വയോധികരുടേയും സതീകളുടേയും കുട്ടികളുടേയും സ്ഥിതി പരിതാപകരമാണ്.
കോട്ടയം നവജീവൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചെന്പിലെ ദുരിതാശ്വാസ ക്യാന്പിൽ 300 നിർധന കുടുംബങ്ങൾക്ക് ഒരാഴ്ചത്തേക്കുള്ള അരി, 1000 രൂപയുടെ പല വ്യഞ്ജനങ്ങൾ, മരുന്നു തുടങ്ങിയ ഉൾപ്പെട്ട കിറ്റ് നവജീവൻ ട്രസ്റ്റ് ചെയർമാൻ പി.യു.തോമസ് കൈമാറും. ചെന്പ് പഞ്ചായത്ത് പ്രസിഡന്റ് ലത അശോകൻ അധ്യക്ഷത വഹിക്കും.
കോട്ടയം ജില്ലയിൽ തിരുവാർപ്പ് , മണിയാപറന്പ് ,കരിപ്പത്തട്ട് ,അയ്മനം, ആർപ്പൂക്കര, കുമാരനല്ലൂർ, കുമരകം, അയർക്കുന്നം, തിരുവഞ്ചൂർ തുടങ്ങിയ സ്ഥലങ്ങളിൽ നവജീവൻ ട്രസ്റ്റ് ദുരിതബാധിതർക്ക് സഹായം നൽകി കഴിഞ്ഞു. 2013 മുതൽ നവസജീവൻ വെള്ളപ്പൊക്ക ദുരിതബാധിതർക്ക് സാന്ത്വനമേകി വരുന്നുണ്ട്.