കോട്ടയം: തോരാമഴയത്ത് വീടുമുങ്ങിയപ്പോൾ വെറും കൈയോടെ ദുരിതാശ്വാസ ക്യാന്പുകളിൽ എത്തിയവർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ അപ്രായോഗികം.
റേഷൻ കാർഡ് കോപ്പി, ആധാർ കാർഡ് കോപ്പി, ബാങ്ക് പാസ് ബുക്ക് കോപ്പി എന്നിവ ഇന്നു തന്നെ ഹാജരാക്കണമെന്നാണു റവന്യു വകുപ്പ് അറിയിപ്പ്. പല കുടുംബങ്ങളും വീടുകൾ ഉപേക്ഷിച്ചു ക്യാന്പുകളെ ആശ്രയിച്ചപ്പോൾ പലരുടെ കൈവശവും ഒരു രേഖ പോലുമില്ല.
വെറും കൈയോടെ പ്രാണരക്ഷാർഥമാണ് ക്യാന്പുകളിലേക്കു പലായനം ചെയ്തത്. അഞ്ച് ദിവസം മുന്‍പാണു പലരും ക്യാന്പുകളെ ആശ്രയിച്ചത്. സർക്കാരിന്റെ ചെറിയ തുക ലഭിക്കുന്നതിനുവേണ്ടി ക്യാന്പുകളിൽ കഴിയുന്നവരെ ബുദ്ധിമുട്ടിക്കുകയാണെന്ന് ആരോപണമുണ്ട്.
വീടുകളിൽ ചെറിയതോതിൽ വെള്ളം കയറിയപ്പോൾ സുരക്ഷിത സ്ഥലങ്ങളിൽ സൂക്ഷിച്ചിരുന്ന രേഖകൾ ഇപ്പോൾ വെള്ളം ഉയർന്നതോടെ നശിച്ചിട്ടുണ്ടാകാമെന്നാണ് ക്യാന്പിൽ താമസിക്കുന്നവർ പറയുന്നത്.
വീടുകൾ മൂടി വെള്ളം കയറുകയും അഞ്ച് ദിവസം വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ് ഇന്നത്തേത്. രേഖകൾ മാത്രമല്ല, വീടുകളിലെ ഉപകരണങ്ങൾ പൂർണമായും നശിച്ചിട്ടുണ്ടാകാമെന്നാണ് വീട്ടുകാർ പറയുന്നത്. ഇതിനിടെ ആധാറും റേഷൻ കാർഡും പാസ്ബുക്കുമൊക്കെ എവിടെനിന്ന് ഒപ്പിക്കാനാണെന്ന് ദുരിതബാധിതർ ചോദിക്കുന്നു.