ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശേരി, അമ്പലപ്പുഴ-പൊടിയാടി റോഡുകളുടെ നിര്‍മാണത്തില്‍ അശാസ്ത്രീയതയെന്ന ആക്ഷേപം ഉയരുന്നു. ഊരാളുങ്കല്‍ തൊഴിലാളി സഹകരണ സംഘം മുഖേനയാണ് സര്‍ക്കാര്‍ രണ്ട് റോഡുകളുടെയും നിര്‍മാണം നടത്തുന്നത്.
ആലപ്പുഴ-ചങ്ങനാശേരി റോഡിന് 672 കോടി രൂപയും അമ്പലപ്പുഴ-പൊടിയാടി റോഡിന് എഴുപത് കോടി രൂപയും മുടക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
2018ലെ വെള്ളപ്പൊക്കത്തിന്റെ നിലവാരം അനുസരിച്ചാണ് റോഡ് നിര്‍മാണത്തിന് പദ്ധതിയിട്ടതെങ്കിലും ഈ മഴക്കാലത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ത്തന്നെ ഈ രണ്ടു റോഡുകളിലും വെള്ളംകയറിയത് റോഡ് നിര്‍മാണത്തിലെ അപാകതയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നിര്‍മാണ ഘട്ടത്തില്‍ സ്വീകരിക്കേണ്ട ഗതാഗത മാനേജ്മെന്റ് സംബന്ധിച്ച ഡിപിആറിലെ വ്യവസ്ഥകള്‍ ഊരാളുങ്കല്‍ കാറ്റില്‍ പറത്തിയതായി ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
നിര്‍മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി സമുദായ സംഘടനകള്‍, വ്യാപാര സംഘടനകള്‍, കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് എന്നിവര്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നു.
നിര്‍മാണഘട്ടത്തില്‍ റോഡിലുടനീളം ഫോര്‍വീലറുകള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ സാഹചര്യമൊരുക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു.
ഇക്കാര്യംപോലും ലംഘിക്കപ്പെട്ടതായി ഇവര്‍ കോടയിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. താത്കാലിക സമാന്തരപാലങ്ങളും പാതകളും അംഗീകൃത മാനദണ്ഡങ്ങളനുസരിച്ച് നിര്‍മിച്ചില്ല. ഇത് ക്രമക്കേടായി കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ചൂണ്ടിക്കാട്ടുന്നു.
കുള്ളന്‍ പാലങ്ങള്‍ വെള്ളപ്പൊക്കക്കാലത്ത്നോക്കുകുത്തികളാകുമോ?
എസി റോഡില്‍ നിര്‍മിക്കുന്ന കുള്ളന്‍ മേല്‍പ്പാലങ്ങള്‍ (സെമി എലിവേറ്റഡ് പാലങ്ങള്‍) വെള്ളപ്പൊക്കക്കാലത്ത് നോക്കുകുത്തികളാകും. അല്ലാത്ത സമയത്ത് ഇത് അപകടക്കെണിയുമാകും. റോഡിന്റെ ഭാവി വികസനത്തിന് ഇതു തടസവുമാണ്.
എവറാസ്കോണ്‍ എന്ന അസര്ബൈജാന് കമ്പനിയുമായി കൂട്ടുസംരംഭമുണ്ടാക്കിയാണ് ഊരാളുങ്കല്‍ എസി റോഡിന്റെ നിര്‍മാണ കരാറെടുത്തത്.
എന്നാല്‍ പര്യവേക്ഷണം, രൂപകല്പന, നിര്‍മാണം, മേല്‍നോട്ടം എന്നിവയിലൊന്നും മുഖ്യ കമ്പനിയായ എവറാസ്കോണ്‍ ഇടപെടുന്നില്ലെന്നും ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് അഭിപ്രായപ്പെട്ടു.
ഒരു സമുദായ സംഘടനയുടെ സംഘടിത ശക്തിപ്രകടനത്തിന്റെ ഫലമായി അവരുടെ ആസ്ഥാന മന്ദിരത്തിനു മുമ്പില്‍ സര്‍വീസ് റോഡിന് 5.5 മീറ്റര്‍ വീതി നല്കി.
മറ്റ് കുള്ളന്‍ പാലങ്ങള്‍ക്കു സമീപം മതിയായ വീതിയില്‍ സര്‍വീസ് റോഡുകള്‍ നല്‍കിയിട്ടില്ല. കുള്ളന്‍ പാലങ്ങള്‍ പ്രധാന റോഡില്‍നിന്നും തെക്കോട്ട് തള്ളിയാണ് പണിയുന്നത്. ഇത് റോഡപകടങ്ങള്‍ക്ക് കാരണമാകും.
നിര്‍മിച്ച കലുങ്കുകളില്‍ പലതിനും ജലനിര്‍ഗമന സൗകര്യമില്ല. ഈ വെള്ളപ്പൊക്കത്തില്‍ അവയിലൂടെ നീരൊഴുക്ക് ഉണ്ടായില്ലെന്നും കരാറുകാരുടെ സംഘടന ചൂണ്ടിക്കാട്ടി.
ജനകീയകണ്‍വന്‍ഷന്‍ 16ന് ആലപ്പുഴയില്‍
ആലപ്പുഴ-ചങ്ങനാശേരി, പൊടിയാടി-അമ്പലപ്പുഴ റോഡുകളുടെ നിര്‍മാണത്തിലെ അപാകതകള്‍ സംബന്ധിച്ച് ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ട് ജനകീയ കണ്വന്ഷന് 16ന് 10ന് ആലപ്പുഴ രാമവര്‍മ ക്ലബ്ബില്‍ നടത്തുമെന്ന് ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി അറിയിച്ചു.
ബില്‍ഡേഴ്സ് അസോസിയേഷന് സംസ്ഥാന ചെയര്മാന് നജീബ് മണ്ണേല്‍ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9447115696 എന്ന നമ്പറില്‍ ബന്ധപ്പെടണം.