ആലപ്പുഴ: തുടർച്ചയായി രണ്ടാംദിവസവും മഴ തോരാതെ തുടർന്നതോടെ ജില്ലയിലെ ജനജീവിതത്തിന്റെ താളം തെറ്റി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടുകഴിഞ്ഞു. ക്യാന്പുകളിൽ നിന്ന് ദിവസങ്ങൾക്ക് മുന്പ് മടങ്ങിയ കുടുംബങ്ങൾ വീണ്ടും അഭയകേന്ദ്രങ്ങളിലേക്ക് തിരികെ പോകേണ്ട സ്ഥിതിയാണ്.
ചേർത്തല വളമംഗലത്ത് ഇന്നലെ രാത്രി ഒരു ദുരിതാശ്വാസ ക്യാന്പ് തുറന്നു. നിലവിൽ 18 ക്യാന്പുകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. കാർത്തികപള്ളി താലൂക്കിലാണ് ദുരിതാശ്വാസ ക്യാന്പുകളേറെയും 12 എണ്ണം. അന്പലപ്പുഴ നാല്, ചെങ്ങന്നൂർ, ചേർത്തല എന്നിവിടങ്ങളിൽ ഓരോ ദുരിതാശ്വാസ ക്യാന്പുകളും പ്രവർത്തിക്കുന്നുണ്ട്. 679 കുടുംബങ്ങളിലായി 3507 പേരാണ് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത്.
കുട്ടനാട്ടിൽ 33 കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളും പ്രവർത്തിച്ചുവരുകയാണ്. 1403 കുടുംബങ്ങളിലെ 5919 അംഗങ്ങളാണ് കഞ്ഞിവീഴ്ത്തൽ കേന്ദ്രത്തെ ആശ്രയിക്കുന്നത്. കാലവർഷം ആരംഭിച്ചതിനുശേഷം ഇന്നലെവരെ ജില്ലയിൽ 366.42 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ഇന്നലെ മാത്രം ചേർത്തല -90, കാർത്തികപ്പള്ളി-49, ചെങ്ങന്നൂർ- 44, കുട്ടനാട് -46, കായംകുളം-66.2 മില്ലിമീറ്റർ എന്നിങ്ങനെ മഴ രേഖപ്പെടുത്തി.
കാലവർഷത്തിൽ 816 ഹെക്ടറിലെ കൃഷി നശിച്ചു. 4.42 കോടിയുടെ നഷ്ടമാണ് കൃഷിനാശം മൂലമുണ്ടായത്. 568 ഹെക്ടറിലെ നെൽകൃഷിയ്ക്ക് മടവീഴ്ചയുണ്ടായി. 63 ലക്ഷത്തിന്റെ നഷ്ടമാണ് മടവീഴ്ചമൂലം കണക്കാക്കിയത്. പച്ചക്കറി കൃഷിയ്ക്ക് 1.23 കോടിയുടെ നാശമുണ്ടായി. 443 മരങ്ങൾ നശിച്ചതിലൂടെ 9.8 ലക്ഷത്തിന്റെ നഷ്ടവും കണക്കാക്കുന്നുണ്ട്.
11 വീടുകൾ പൂർണമായും 171 വീടുകൾ ഭാഗീകമായും തകർന്നു. 54 ലക്ഷത്തിന്റെ നഷ്ടമാണ് വീടുകൾക്കുണ്ടായിരിക്കുന്നത്. തുടർച്ചയായി മഴ പെയ്യുന്നതുമൂലം റോഡുകളിൽ പലതും വെള്ളത്തിനടയിലാണ്. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലൂടെയുള്ള ഗതാഗതം പലയിടങ്ങളിലും നിലച്ചിട്ടുണ്ട്. റോഡരുകിലെ കാനകളിലെ മാലിന്യങ്ങൾ കൃത്യമായി നീക്കാത്തത് പലയിടങ്ങളിലും വെള്ളക്കെട്ട് സൃഷ്ടിക്കുന്നതിന് കാരണമായിട്ടുണ്ട്.
വീടിനുമുകളിലേക്ക് തെങ്ങ് വീണു; വീട്ടമ്മ അദ്ഭുതകരമായി രക്ഷപ്പെട്ടു
കായംകുളം: ശക്തമായ മഴയിൽ തെങ്ങ് വീണ് വീട് തകർന്നു. സമീപം നിന്ന വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. കായംകുളം പത്തിയൂർ കിഴക്ക് പുല്ലംപ്ലാവിൽ കിഴക്കതിൽ ശ്രീദേവിയുടെ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. മഴയിൽ സമീപത്തെ പറന്പിൽ നിന്ന തെങ്ങ് കടപുഴകി വീഴുകയായിരുന്നു. വീടിന്റെ ഒരു ഭാഗം പൂർണ്ണമായി തകർന്നു.
വെള്ളക്കെട്ട് രൂക്ഷം
തുറവുർ: വയലാർ, പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ. തീരദേശ റോഡിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. തുടർച്ചയായി പെയ്യുന്ന മഴവെള്ളമാണ് ഒഴുകിപ്പോകാനാകാതെ പ്രദേശത്ത് കെട്ടിക്കിടക്കുന്നത്. അർത്തുങ്കൽ മുതൽ ചെല്ലാനം വരെ തീരദേശ റോഡിന്റെ പടിഞ്ഞാറു ഭാഗത്തുള്ള വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
റോഡിനു പടിഞ്ഞാറു ഭാഗത്തായി കാനയില്ലാത്തതും കാന ഉള്ള സ്ഥലങ്ങളിൽ വെളളം ഒഴുകിപ്പോകുവാൻ സാധിക്കാത്ത വിധം തടസപ്പെട്ടുകിടക്കുന്നതുമാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയിരിക്കുന്നത്. മുൻവർഷങ്ങളിൽ മഴവെള്ളം കടലിലേയ്ക്ക് ഒഴുക്കിക്കളയുവാനുള്ള സംവിധാനം ഒരുക്കിയിരുന്നു.
തീരദേശ റോഡിന്റെ പടിഞ്ഞാറു ഭാഗത്തായി മുഴുവൻ പ്രദേശങ്ങളിലും കാന നിർമിക്കുമെന്ന് പ്രഖ്യാപിക്കുകയും ഇതിനായി എസ്റ്റിമേറ്റ് തെയ്യാറാക്കുകയും ചെയ്തിരുന്നു എങ്കിലും പിന്നീട് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. കടലാക്രമണം തുടങ്ങുന്നതോടെ പ്രദേശത്തെ വെള്ളക്കെട്ട് രൂക്ഷമാകുകയും ജീവിതം ദുരിതപൂർണമാകുകയും ചെയ്യും.
അടിയന്തിരമായി തീരദേശ റോഡിന്റെ വശങ്ങളിൽ പൂർണമായി കാനനിർമിച്ച് പ്രദേശത്തെ വെള്ളക്കെട്ട് മൂലമുള്ള ദുരിതങ്ങൾ പരിഹരിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.