ആലപ്പുഴ: ഇന്നലെ മുതൽ ആരംഭിച്ച മഴ കനത്തതോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. നഗരത്തിന്റെ തെക്കൻ മേഖലയിലെയും പടിഞ്ഞാറൻമേഖലയിലെയും പ്രദേശങ്ങളാണ് വെള്ളക്കെട്ടിലായിരിക്കുന്നത്. ഇടത്തോടുകളിൽ ഒഴുക്ക് കാര്യമായി ഇല്ലാതായതോടെ ഇവയും കവിഞ്ഞൊഴുകുകയാണ്. നഗരത്തിലെ പ്രധാന ഇടത്തോടുകളായ റാണി തോട്, ഷഡാമണി തോട് എന്നിവയോട് ചേർന്നുള്ള വീടുകളും വെള്ളപ്പൊക്ക് ഭീഷണിയിലാണ്.
വലിയകുളം, മുല്ലാത്ത് വളപ്പ്, എംഒ വാർഡ്, റെയിൽവേ സ്റ്റേഷൻ വാർഡ്, ജവഹർ ബാലഭവൻ ലെയ്ൻ തുടങ്ങിയിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇടറോഡുകളും വഴികളും വെള്ളത്തിലായതോടെ ജനങ്ങൾ കൂടുതൽ ദുരിതത്തിലായി. ഇന്ന് പുലർച്ചെ മുതൽ മഴ കൂടുതൽ ശക്തമായതോടെയാണ് പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടത്. ജലം ഒഴുകിമാറുന്നതിനുള്ള സൗകര്യം പലയിടങ്ങളിലുമില്ലാത്തതാണ് വെള്ളപ്പൊക്കത്തിന് കാരണം.
ജൈവ, അജൈവ മാലിന്യ നിക്ഷേപങ്ങൾ കൂടുതലായുള്ള ഉൾപ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടത് ആരോഗ്യഭീഷണിയുമുയർത്തുന്നുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇടവിട്ട് പെയ്യുന്ന മഴ സാംക്രമിക രോഗങ്ങൾ പടരുന്നതിന് ഇടയാക്കിയേക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.