ആലപ്പുഴ: തുടർച്ചയായി പെയ്യുന്ന മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. നൂറുകണക്കിന് വീടുകളാണ് കനത്ത മഴമൂലം വെള്ളക്കെട്ടിലായിരിക്കുന്നത്. ചെറുറോഡുകളും ഇടവഴികളിലുമെല്ലാം വെള്ളം നിറഞ്ഞതോടെ യാത്രചെയ്യാൻ കഴിയാത്ത അവസ്ഥയാണ് പലയിടങ്ങളിലും വെള്ളക്കെട്ടിൽ നിറഞ്ഞ മാലിന്യങ്ങൾ രോഗഭീഷണിയുയർത്തുന്നുണ്ട്.
ഇന്നലെ മാത്രം 17 വീടുകളാണ് ജില്ലയിൽ ഭാഗീകമായി തകർന്നത്. ചെങ്ങന്നൂർ താലൂക്കിലാണ് വീടുകളേറെയും തകർന്നത്11 എണ്ണം. ആറുവീടുകൾ ചേർത്തല താലൂക്കിലും തകർന്നു. തുടർച്ചയായ മഴമൂലം വെള്ളം താഴ്ന്നുപോകാത്തതും ഒഴുകിപ്പോകാനുള്ള സൗകര്യമില്ലാത്തതുമാണ് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടാനിടയാക്കിയിരിക്കുന്നത്.
ആലപ്പുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. പ്രധാന റോഡുകളടക്കം കനത്ത മഴയിൽ മുങ്ങിയത് ഗതാഗതത്തെയും ബാധിച്ചു. പലയിടത്തും പ്രതിഷേധവുമായി ജനങ്ങൾ രംഗത്തിറങ്ങിയതോടെയാണ് വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി അധികൃതർ സ്വീകരിച്ചത്.മഴയോടൊപ്പമെത്തിയ കാറ്റിൽ മരങ്ങൾ മറിഞ്ഞും നാശനഷ്ടങ്ങളേറെയുണ്ടായിട്ടുണ്ട്.
നിരവധിയിടങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതി ബന്ധവും തകരാറിലായിരുന്നു. കനത്ത മഴയെത്തുടർന്ന് ജില്ലയിലെ മൂന്നു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലുള്ള ക്യാന്പുകൾ കൂടാതെ കൂടുതൽ ദുരിതാശ്വാസ ക്യാന്പുകൾ ഇന്ന് തുറക്കും. പുറക്കാട് വില്ലേജിൽ മൂന്നു ദുരിതാശ്വാസ ക്യാന്പുകൾ കൂടി ആരംഭിക്കാനുള്ള നടപടികൾ റവന്യു വകുപ്പ് തുടങ്ങിയിട്ടുണ്ട്.