ആലപ്പുഴ: കനത്ത മഴയെത്തുടർന്നുണ്ടായ കിഴക്കൻ വെള്ളത്തിന്റെ വരവ് കുട്ടനാടിനെ മുക്കി. മഴ കുറഞ്ഞെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാട്ടിലെ ജലനിരപ്പുയർന്നിരിക്കുകയാണ്. ഇന്ന് രാവിലെയോടെ ജല നിരപ്പിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. ഇറക്കമായതിനാൽ ജലനിരപ്പ് കുറഞ്ഞതാണെന്നാണ് കരുതുന്നത്. അതേസമയം കലങ്ങിയ രീതിയിൽ നിന്നും വെള്ളം തെളിഞ്ഞുതുടങ്ങിയിട്ടുണ്ട്. കുട്ടനാട്ടിലെ പല പ്രദേശങ്ങളിലും ഏതു സമയവും ദുരിതാശ്വാസ ക്യാന്പുകൾ തുറക്കണമെന്ന നിലയിലാണ്.
കുട്ടനാട്ടിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിലായത് ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ആലപ്പുഴ- കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന എസി റോഡിന്റെ പല ഭാഗങ്ങളിലും വെള്ളം കയറിയത് വാഹനയാത്ര ദുഷ്കരമാക്കിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾക്കാണ് വെള്ളക്കെട്ട് ഏറെ ദുരിതം സൃഷ്ടിക്കുന്നത്.
എസി റോഡിലൂടെ യാത്രചെയ്യുന്ന ഇരുചക്ര യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് കഐസ്ഡിപി അറിയിച്ചിട്ടുണ്ട്. റോഡരുകിലെ രണ്ടാംകൃഷിയില്ലാത്ത പാടശേഖരങ്ങൾ കവിഞ്ഞും വെള്ളം കയറുന്നുണ്ട്. എടത്വാ- മാന്പുഴക്കരി, മുട്ടാർ- കിടങ്ങറ, കിടങ്ങറ- വെളിയനാട്, വേഴപ്ര- തായങ്കരി തുടങ്ങിയ റോഡുകളും വെള്ളത്തിൽ മുങ്ങിയതിനാൽ ജനങ്ങൾ യാത്രാദുരിതത്തിലാണ്.
ജല നിരപ്പുയർന്നതിനെത്തുടർന്ന് കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ മഴക്കെടുതികളിൽ 82 വീടുകൾ തകർന്നു. 20 ലക്ഷത്തിലേറെ നഷ്ടമുണ്ടായതായാണ് റവന്യു വകുപ്പിന്റെ കണക്ക്. 2, 89,93000 രൂപയുടെ കൃഷി നാശവുമുണ്ടായിട്ടുണ്ട്.
വീയപുരം കൃഷിഭവന് കീഴിലെ രണ്ട് പാടശേഖരങ്ങൾ മടവീഴ്ചയിൽ പൂർണമായും നശിച്ചു. ചെങ്ങന്നൂരിൽ രണ്ടും, മാവേലിക്കരയിൽ രണ്ടും ദുരിതാശ്വാസ ക്യാന്പുകൾ തുറന്നിട്ടുണ്ട്. 52 കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത്. ഇന്നലെ വൈകുന്നേരം ഏഴോടെ ജില്ലാ കളക്ടർ ടി.വി. അനുപമ ദുരിതാശ്വാസ ക്യാന്പ് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു.