മങ്കൊന്പ്: കാലവർഷം ശക്തമായതോടെ കുട്ടനാട്ടിലെ ജലനിരപ്പുയർന്നു തുടങ്ങിയതിനേത്തുടർന്ന് കുട്ടനാട് പ്രളയം ഭീഷണിയിൽ. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്ത ശക്തമായ മഴയാണ് ജലനിരപ്പുയരാൻ കാരണമായത്. ചൊവ്വാഴ്ച പെയ്ത മഴയെത്തുടർന്ന് കിഴക്കൻവെള്ളമെത്തും മുന്പു തന്നെ കുട്ടനാട്ടിൽ ജലനിരപ്പുയർന്നിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി കിഴക്കൻവെള്ളത്തിന്റെ വരവും ആരംഭിച്ചതോടെ കുട്ടനാട് വീണ്ടുമൊരു പ്രളയത്തിന്റെ ഭീഷണിയിലാണ്. ഇതിനകം തന്നെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. എന്നാൽ മഴ കൂടുതൽ ശക്തി പ്രാപിക്കാത്തത് നേരിയ ആശ്വാസത്തിനു വക നൽകുന്നുണ്ട്.
പതിവുപോലെ കുട്ടനാടിന്റെ വടക്കുകിഴക്കൻ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ വെള്ളപ്പൊക്കം അനുഭവപ്പെടുന്നത്. മുട്ടാർ ഗ്രാമപഞ്ചായത്തിന്റെ ചിലപ്രദേശങ്ങളിലാണ് ഏറ്റവുമധികം ജലനിരപ്പുയർന്നിട്ടുള്ളത്.
ഇതിനു പുറമെ പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ മങ്കൊന്പ്, കൈനകരി ഗ്രാമപഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലും ഇപ്പോൾ വെള്ളപ്പൊക്കത്തിന്റെ ആദ്യലക്ഷണങ്ങൾ അനുഭവപ്പെടുന്നത്. താഴന്ന പുരയിടങ്ങളോടൊപ്പം, താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളും വെള്ളത്തിനടിയിലായിത്തുടങ്ങി.
കിടങ്ങറ-മുട്ടാർ റോഡിലെ പഞ്ചായത്ത് ജംഗ്ഷൻ, കുമരംചിറ പള്ളിക്കു സമീപം, ചതുർത്ഥ്യാകരി വികാസ് മാർഗ് റോഡിലെ വിനോബാ നഗറിനു സമീപം എന്നിവിടങ്ങളിലാണ് ഇപ്പോൾ റോഡിൽ വെള്ളക്കെട്ട് അനുഭവപ്പെടുന്നത്.
മങ്കൊന്പ് പാലം ഗതഗതയോഗ്യമായതിനെത്തുടർന്ന് അടുത്തിടെ ബസ് സർവീസ് ആരംഭിച്ച മങ്കൊന്പ് -കണ്ണാടി റോഡിൽ വെള്ളക്കെട്ട് അതിരൂക്ഷമായി. മിക്ക പ്രദേശങ്ങളും റോഡ് വെള്ളത്തിനടിയിലാണ്. ഏറെ അപകട സാധ്യത നിലനിൽക്കുന്നതിനാൽ ഇവിടെ സർവീസ് ദുഷ്കരമായിരിക്കുകയാണ്.
എന്നാൽ കുട്ടനാട്ടിലെ മറ്റു റോഡുകളിലെങ്ങും ഇനിയും ഗതാഗതം മുടക്കിയിട്ടില്ല. മഴ തുടർന്നാൽ വരും ദിവസങ്ങളിൽ ജലനിരപ്പ് കൂടുതൽ ഉയരാൻ സാധ്യതയുണ്ട്. കിഴക്കൻ വെള്ളത്തിന്റെ വരവു വർധിക്കുകയും ജലനിരപ്പ് ഇനിയും ഉയരുകയും ചെയ്താൽ കുട്ടനാട്ടിലെ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലാകും.
മാന്പുഴക്കരി-എടത്വ റോഡ്, പള്ളിക്കൂട്ടുമ്മ-നീലംപേരൂർ റോഡ്, ചതുർത്ഥ്യാകരി റോഡ് തുടങ്ങിയവയാകും ആദ്യം വെള്ളത്തിനടിയിലാകുക. കൃഷിയിറക്കിയിരിക്കുന്ന പാടശേഖരങ്ങൾക്കു നടുവിലൂടെ കടന്നുപോകുന്ന റോഡുകൾക്ക് തൽക്കാലം വെള്ളപ്പൊക്കഭീഷണിയില്ല.
ഇത്തവണ രണ്ടാംകൃഷിയിറക്കിയിരിക്കുന്ന പാടശേഖരങ്ങളും വെള്ളപ്പൊക്കത്തിന്റെ ഭീഷണിയിലാണ്. ജലനിരപ്പ് ഇനിയും ഉയർന്നാൽ ദുർബലമായ പുറംബണ്ടുകളുള്ള പാടശേഖരങ്ങൾ മടവീഴ്ച ഭീഷണിയിലാകും.