ആലപ്പുഴ: കലിതുള്ളിയ കാലവർഷം ജില്ലയിൽ വിതച്ചത് വ്യാപക നാശം. തുടർച്ചയായ മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത് ജനജീവിതത്തെ ബാധിച്ചു. അന്പലപ്പുഴ, ചെങ്ങന്നൂർ താലൂക്കുകളിലാണ് വെള്ളപ്പൊക്ക കെടുതികളേറെയും. അന്പലപ്പുഴ, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിലായി 67 ദുരിതാശ്വാസ ക്യാന്പുകളാണ് തുറന്നത്. അന്പലപ്പുഴ താലൂക്കിൽ 32 ക്യാന്പുകൾ പ്രവർത്തിക്കുന്നുണ്ട്.
1979 കുടുംബങ്ങളിലെ 8234 അംഗങ്ങളാണ് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത്. കാർത്തികപ്പള്ളി താലൂക്കിൽ തുറന്ന 27 ക്യാന്പുകളിലായി 2472 കുടുംബങ്ങളിലെ 10456 അംഗങ്ങൾ കഴിയുന്നുണ്ട്. ചെങ്ങന്നൂരിലെ എട്ട് ക്യാന്പുകളിലായി 1040 പേരാണ് കഴിയുന്നത്. കിഴക്കൻ വെള്ളത്തിന്റെ വരവോടുകൂടി മുങ്ങിയ കുട്ടനാടിന്റെ വിവിധ കേന്ദ്രങ്ങളിലായി 46 കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളും ചെങ്ങന്നൂരിൽ മൂന്ന് കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. 3.58 കോടിയുടെ കൃഷി നാശം ഇതുവരെയുണ്ടായതായാണ് കണക്ക്.
750 ഹെക്ടറിലേറെ പ്രദേശത്തെ കൃഷിയാണ് നശിച്ചിരിക്കുന്നത്. ഇതിൽ നെൽ കൃഷിയും കരകൃഷിയുമടക്കം ഉൾപ്പെടും. 443 മരങ്ങൾ കാറ്റിൽ കടപുഴകി. 334 ഹെക്ടർ കൃഷിയുടെ പുറംബണ്ട് വെള്ളപ്പൊക്കത്തിൽ നശിച്ചിട്ടുണ്ട്. 49 ലക്ഷത്തിന്റെ നഷ്ടമുണ്ടായതായാണ് ജലസേചന വകുപ്പിന്റെ കണക്ക്. എട്ടുവീടുകൾ പൂർണമായും. 139 വീടുകൾ ഭാഗീകമായും തകർന്നു. 42 ലക്ഷത്തിന്റെ നഷ്ടമാണ് വീടുകൾ തകർന്നതിലൂടെ ഉണ്ടായത്.
ഇന്നലെ മഴയ്ക്ക് താത്ക്കാലിക ശമനമുണ്ടായതോടെ പല സ്ഥലങ്ങളിലും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. തോട്ടപ്പള്ളി സ്പിൽവേ തുറന്നതുമൂലം കുട്ടനാട്ടിലെ ജലനിരപ്പിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. കാലവർഷ കെടുതികളുമായി ബന്ധപ്പെട്ട് ഇന്നുച്ചകഴിഞ്ഞ് മൂന്നിന് കളക്ടറേറ്റിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗവും ചേരുന്നുണ്ട്.