ജയ്സണ് ജോയ്
ആലപ്പുഴ: കണ്ണീരണിഞ്ഞ മുഖങ്ങൾ, പ്രതീക്ഷയറ്റ വാക്കുകൾ, സ്വത്തും വിത്തും നഷ്ടപ്പെട്ടവർ, ഒരായുസിന്റെ സന്പാദ്യം മുഴുവൻ വീടും വാഹനങ്ങളുമെല്ലാം ഒരൊറ്റ രാത്രിയിൽ ഉപേക്ഷിക്കേണ്ടിവന്നവർ, കൂടെ അരപ്പട്ടിണിയും. ദുരിതാശ്വാസ ക്യാന്പുകളിലെ കാഴ്ചകൾ മഴയേക്കാൾ ഭീകരം. പലർക്കും എന്തു ചെയ്യണമെന്നോ, എവിടേക്കു പോകണമെന്നോ അറിയില്ല.
ദുരിതാശ്വാസ ക്യാന്പുകൾ ഇവർക്കാശ്വസമേകുന്നില്ല. ഉടുത്തുമാറാൻ വേറൊരു തുണിയില്ല, ആഹാരം പാകം ചെയ്യാൻ പാത്രങ്ങളില്ല, കുടിവെള്ളമില്ല, മരുന്നില്ല, തണുപ്പിൽ വിറങ്ങലിച്ച മനസും ശരീരവുമായി വിവിധ ക്യാന്പുകളിൽ കഴിയുന്നത് പതിനായിരങ്ങൾ.
പെണ്കുട്ടികളടക്കം ക്യാന്പുകളിലുണ്ട്. ഇവരുടെ സുരക്ഷയാലോചിച്ച് ആശങ്കയിലുമാണ് രക്ഷിതാക്കൾ. കുട്ടനാട്ടിലാകട്ടെ കഞ്ഞിവീഴ്ത്തുകേന്ദ്രങ്ങളാണ് കൂടുതൽ. രാവിലെ വീട്ടിൽ നിന്നും വെള്ളത്തിലൂടെ സഞ്ചരിച്ച് കേന്ദ്രങ്ങളിലെത്തി ഭക്ഷണവും കഴിച്ച് വൈകുന്നരത്തോടെ വീട്ടിൽ കല്ലിന്റെ പുറത്തുകയറ്റിവച്ച കട്ടിലിൽ ഉറങ്ങാതെ ഇവർ കിടക്കും. ചിലയിടങ്ങളിൽ പാലത്തിനു മുകളിൽ പടുത കെട്ടിയും കുറച്ചുപേർ. വള്ളത്തിനു മുകളിലും ഷീറ്റ് കെട്ടി കഴിയുന്നവരും കുറവല്ല.
ക്യാന്പുകൾ മിക്കതും പട്ടിണിയിൽ
ദുരിതാശ്വാസ ക്യാന്പുകളിൽ മിക്കതും പട്ടിണിയിലാണ്. ആവശ്യത്തിനു ഭക്ഷണധാന്യങ്ങളോ, കുടിവെള്ളമോ ഇവർക്കു ലഭിക്കുന്നില്ല. ഭക്ഷണത്തിനായി കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളെ ആശ്രയിക്കുന്നവരും നിരവധിയാണ്.
വീടും കടകളും മുങ്ങി. വെള്ളംഎത്തിയതോടെ ഹോട്ടലുകളും കടകളും പ്രവർത്തിക്കാത്തതും ഭക്ഷ്യക്ഷാമം രൂക്ഷമാക്കി. നാമമാത്രമായി ഭക്ഷണസാധനങ്ങൾ കിട്ടുന്ന കേന്ദ്രങ്ങളിൽ അരി കിട്ടിയാൽ പയറില്ല, പയർ കിട്ടിയാൽ അരിയില്ല. ഇവ രണ്ടു കിട്ടിയാൽ കത്തിക്കാൻ വിറകോ, ഗ്യാസോ പാകം ചെയ്യാൻ പാത്രങ്ങളോ മറ്റു സംവിധാനങ്ങളോ ഇല്ല എന്ന അവസ്ഥയാണ്.
കുടിവെള്ളം കിട്ടാക്കനി
ക്യാന്പുകളിലും വെള്ളംകയറി വീടുകളിലും കുടിവെള്ളം കിട്ടാക്കനിയായി. ചുറ്റും വെള്ളമാണെങ്കിലും കുടിക്കാൻ ഇല്ലാത്ത അവസ്ഥ. അധികം വെള്ളം കയറാത്ത സ്ഥലങ്ങളിൽ നിന്നും വള്ളങ്ങളിൽ വെള്ളമെത്തിക്കുന്നതുമാത്രമാണ് ഏക ആശ്രയം. കുട്ടനാട്ടിലാണ് ഏറ്റു കൂടുതൽ ദുരിതമനുഭവിക്കുന്നത്. ഇവിടങ്ങളിൽ പൊതു പൈപ്പുകൾ മൂടി വെള്ളമാണ്.
ഇഴജന്തുക്കളുടെ ശല്യം രൂക്ഷം
വെള്ളം കയറിയ പ്രദേശങ്ങളിലെല്ലാം ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. കിഴക്കൻ വെള്ളത്തിനൊപ്പമെത്തുന്നതും അല്ലാത്തതുമായ പാന്പുകളുടെയും നീർനായയുടെയും ശല്യം ദുരിതാശ്വാസ ക്യാന്പിലും വീടുകളിലും വർധിച്ചിരിക്കുകയാണ്.
പുളിങ്കുന്ന് തെക്കേച്ചിറ വീട്ടിൽ രാജു, കൈനകരി ചെറുകായൽ സൗപർണികയിൽ ഹരിത എന്നിവർക്കു കഴിഞ്ഞ ദിവസം പാന്പുകടിയേറ്റിരുന്നു. ഇവർ ഇപ്പോൾ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പക്ഷിമൃഗാദികൾ ദുരിതത്തിൽ
മനുഷ്യർക്കൊപ്പം ദുരിതമനുഭവിക്കുന്നതിൽ പക്ഷിമുഗാദികളും ധാരാളമാണ്. ദുരിതാശ്വാസ ക്യാന്പുകളിലേക്ക് ഇവയെ എത്തിക്കാനോ, സംരക്ഷിക്കാനൊ കഴിയുന്നില്ല. പലതും വെള്ളത്തിൽ തണുപ്പടിച്ചും രോഗം ബാധിച്ചും മരിച്ചു.
കുറച്ചുപേർ ഇവയെ ബന്ധുവീടുകളിലേക്ക് മാറ്റി. അല്ലാത്തവർ വെള്ളം കയറാത്ത പ്രദേശങ്ങളിൽ പക്ഷിമൃഗാദികൾ മാറ്റി പാർപ്പിച്ചു. വള്ളത്തിലും മറ്റുമായി എത്തി തീറ്റ നൽകുന്നു. തീറ്റകൾക്കുള്ള ക്ഷാമവും വർധിച്ചിച്ചു. പശുക്കൾക്കും മറ്റും കൊടുക്കാൻ പുല്ലോ, വൈക്കോലോ കിട്ടാത്ത സ്ഥിതിയിൽ ഇവയെ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഉടമകൾ.
ശരീരം ക്യാന്പിലും മനസു വീട്ടിലും
ക്യാന്പിലാണെങ്കിലും പലരുടേയും മനസ് വീട്ടിലാണ്. ഒരായുസിന്റെ അദ്വാനമെല്ലാം പെട്ടന്ന് ഇല്ലാതായെന്നു വിശ്വസിക്കാൻ ആർക്കും കഴിയുന്നില്ല. വെള്ളമിറങ്ങിയാലും ദുരിതം തീരില്ല. വീടുകൾ പലതും നാമാവശേഷമായി. ശേഷിക്കുന്നവ പഴയ രൂപത്തിലാക്കണമെങ്കിൽ പെടാപാടുപെടേണ്ടിവരും. ചില പ്രദേശങ്ങളിൽ വീടുകൾ താഴേക്ക് ഇരിക്കും.
ചിലതു വിണ്ടുകീറും. ഭിത്തികളിൽ വെള്ളം കയറി വയറിംഗ് സംവിധാനങ്ങൾക്കു കേടുപാടുകൾ വരും. വൈദ്യുത ഉപകരണങ്ങളും വാഹനങ്ങളും തകരാറിലായി. വഴികൾ ഇല്ലാതായി. ജോലിക്കു പോകുവാൻ സാധിക്കുന്നില്ല. നഷ്ടം ഇനിയുമേറെ.