ആലപ്പുഴ: ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീഷണിയിൽ. തോരാതെ മഴ തുടരുന്നതോടെ ജില്ലയുടെ തീരപ്രദേശങ്ങൾ കടലാക്രമണ ഭീഷണിയിലാണ്. മഴയോടൊപ്പമുള്ള ശക്തമായ കാറ്റിൽ മരങ്ങൾ മറിഞ്ഞുവീണ് വ്യാപക നാശമാണുണ്ടായിരിക്കുന്നത്.
പലയിടങ്ങളിലും പാതയോരങ്ങളിലെ മരങ്ങൾ ഇലക്ട്രിക് ലൈനുകളിലേക്ക് മറിഞ്ഞുവീണതുമൂലം മണിക്കൂറുകളോളം വൈദ്യുതി ബന്ധം നിലച്ചു. നിരവധി പോസ്റ്റുകളും മരം വീണ് ഒടിഞ്ഞിട്ടുണ്ട്. രാത്രി മരം വീണ് വൈദ്യുതി ബന്ധം നിലച്ച പ്രദേശങ്ങളിൽ അറ്റകുറ്റപണികൾ നടത്താൻ കനത്ത മഴ തടസമായിരുന്നു. ആലപ്പുഴ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളക്കെട്ടിലായി.
ആഴ്ചകളോളം കെട്ടിനിന്ന വെള്ളം മാറി ജനജീവിതം സാധാരണ നിലയിലേക്കെത്തി ദിവസങ്ങൾ പിന്നിടുന്നതിനുമുന്പുതന്നെ കനത്ത മഴ വീണ്ടും വെള്ളക്കെട്ട് സൃഷ്ടിച്ചത് ജനങ്ങളെ വലച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിലേർപ്പെടുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നതിനാൽ ദിവസങ്ങളായി തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നില്ല.
ജില്ലയിൽ ഏഴുമുതൽ 20 സെന്റിമീറ്റർ വരെ മഴയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്.
മരം വീണ് വീടുതകർന്നു
ഹരിപ്പാട്: ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം വീണു വീടുതകർന്നു. ആനാരി പുത്തൻപുരയ്ക്കൽ ശ്രീകുമാറിന്റെ വീടിന് മുകളിലേക്കാണ് അയൽവാസിയുടെ പുരയിടത്തിലെ അക്കേഷ്യാ മരം വീണത്. അപകടാവസ്ഥയിലായ ഒരു മരം ഏതുനിമിഷവും വീടിന് മുകളിലേക്ക് പതിക്കാവുന്ന നിലയിലായതോടെ ഭീതിയിലാണ് ശ്രീകുമാറും കുടുംബവും.
മരം വീണ് രണ്ടു വർഷം മുന്പ് വീടിന്റെ അടുക്കള ഭാഗം തകർന്നിരുന്നു. അയൽവാസിയുടെ പുരയിടത്തിലെ മരങ്ങൾ അപകടാവസ്ഥയിലാണെന്ന് കാട്ടി പഞ്ചായത്ത് തലത്തിലുള്ള ലീഗൽ സർവ്വീസ് കമ്മറ്റിയിൽ പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ മരങ്ങൾ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും തയാറാകാത്തതിനാൽ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ താലൂക്ക് ലീഗൽ സർവ്വീസ് സൊസൈറ്റിയിൽ പരാതി കൊടുക്കുകയും അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റുവാൻ ഉത്തരവിടുകയും ചെയ്തെങ്കിലും നടപടിയായില്ല.’
ഇന്നലെ മരം വീണസമയത്ത് ഗൃഹനാഥനൊഴികെയുള്ള കുടുംബാംഗങ്ങൾ വീട്ടിനുള്ളിലുണ്ടായിരുന്നെങ്കിലും ഭാഗ്യം കൊണ്ട് പരിക്കേൽക്കാതിരുന്നത്. മരം വീടിന് മുകളിൽ വീണപ്പോഴും തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി അയൽവാസി വീയപുരം പോലീസിൽ പരാതി നൽകുകയും അനേഷിക്കുവാൻ വന്ന പോലീസ് ഉദ്യോഗസ്ഥർ ശ്രീകുമാർ കൂലി നൽകി മരം വെട്ടിമാറ്റണമെന്നും, വെട്ടിമാറ്റുന്ന മരം വിറ്റു കിട്ടുന്ന രൂപ മുടക്കി വീടിന്റെ തകർന്ന ഭാഗം നന്നാക്കണമെന്നുമുള്ള വിചിത്രമായ ഒത്തുതീർപ്പു വ്യവസ്ഥയാണ് നിർദ്ദേശിച്ചതെന്നും ശ്രീകുമാറും കുടുംബവും പറയുന്നു.
മരം വീണു കിടക്കുന്ന വീട്ടിലാണ് പ്രാണഭീതിയോടെ ഉറക്കമിളച്ച് ഈ കുടുംബം രാത്രി കഴിച്ചുകൂട്ടിയത്. വീണ മരം ഈ സമയം വരെയും നീക്കം ചെയ്തിട്ടില്ല. വിവരം ചൂണ്ടിക്കാട്ടി ചെങ്ങന്നൂർ ആർഡിഒയ്ക്ക് പരാതി നല്കുകയും പരാതി റിപ്പോർട്ടിനായി ചെറുതന വില്ലേജിലേക്ക് കൈമാറിയെങ്കിലും ജോലി കൂടുതൽ കാരണം അടുത്ത ദിവസം വന്ന് തൽസ്ഥിതി ബോദ്ധ്യപ്പെടാമെന്നുള്ള ഒഴുക്കൻ മറുപടിയാണ് വില്ലേജിൽ നിന്ന് ലഭിച്ചത്.
അധികാരികൾ അടിയന്തിരമായി ഇടപെട്ട് പ്രശ്ന പരിഹാരമുണ്ടാക്കിയില്ലെങ്കിൽ അപകടാവസ്ഥയിൽ നിൽക്കുന്ന ബാക്കി മരങ്ങൾ കൂടി വീണ് ഒരു പാവപ്പെട്ട കുടുംബത്തിന് ജീവഹാനി സംഭവിക്കുവാൻ സാധ്യതയുണ്ട്.