കൊച്ചി: പെരിയാറിൽ ജലനിരപ്പ് ഉയർന്നതതോടെ വാട്ടർ അഥോറിറ്റിയുടെ വിവിധ കേന്ദ്രങ്ങളിൽ പന്പിംഗ് നിർത്തിവച്ചു, ഇതുമൂലം കൊച്ചിയിൽ ഉൾപ്പെടെ കുടിവെള്ള ക്ഷാമവും രൂക്ഷമാകും. വെള്ളത്തിൽ ചെളിനിറഞ്ഞതാണു വിവിധ കേന്ദ്രങ്ങളിൽ പന്പിംഗ് നിർത്തിവക്കാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. കലങ്ങി മറിഞ്ഞാണു പെരിയാർ ഒഴുകുന്നത്.
ശുദ്ധീകരിച്ചെടുക്കാൻ കഴിയുന്നതിനേക്കാൾ വളരെയേറെ ചെളിയാണു വെള്ളത്തിൽ കലർന്നിരിക്കുന്നത്. ആലുവയിൽനിന്നുള്ള പന്പിംഗ് ഭാഗികമായി തടസപ്പെട്ടതിനാൽ പശ്ചിമകൊച്ചി ഒഴികെയുള്ള കൊച്ചി കോർപറേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിലും ആലുവ, ഏലൂർ, കളമശേരി, തൃക്കാക്കര, ചേരാനെല്ലൂർ, എളങ്കുന്നപ്പുഴ, ഞാറക്കൽ, മുളവുകാട് എന്നിവിടങ്ങളിലും കുടിവെള്ളവിതരണത്തെ ബാധിക്കും.
പാണംകുഴി പന്പ്ഹൗസിൽ വെള്ളം കയറിയതിനാൽ വേങ്ങൂർ, മുടക്കുഴ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തെ ബാധിക്കും. കൂവപ്പടി, ഒക്കൽ പഞ്ചായത്തുകളിലും പന്പിംഗ് നിർത്തിവച്ചു. ഇല്ലിത്തോട് നിന്നുള്ള പന്പിംഗ് നിർത്തിവച്ചിരിക്കുന്നതിനാൽ മലയാറ്റൂർ, നീലീശ്വരം പഞ്ചായത്തുകളിൽ ജലവിതരണം തടസപ്പെടും. സുരക്ഷയുടെ ഭാഗമായി നീലീശ്വരം പന്പ്ഹൗസിലെ വൈദ്യുതി കഐസ്ഇബി വിച്ഛേദിച്ചിരിക്കുകയാണ്.
ഇവിടെനിന്നുള്ള പന്പിംഗ് നടക്കാത്തതിനാൽ നീലീശ്വരം പഞ്ചായത്തിലെ കുടിവെള്ള വിതരണവും തടസപ്പെടും. കറുകുറ്റി, മൂക്കന്നൂർ, പുത്തൻവേലിക്കര, പാറക്കടവ് എന്നിവിടങ്ങളിലും പന്പിംഗ് നിർത്തിവച്ചിരിക്കുകയാണ്. മൂവാറ്റുപുഴയുടെ പരിധിയിൽ വരുന്ന കുട്ടന്പുഴ, കുട്ടമംഗലം, പിണ്ടിമന, കോട്ടപ്പടി എന്നിവിടങ്ങളിലെ പന്പിംഗും നിർത്തി.
പന്പുഹൗസുകളിലേക്കുള്ള വൈദ്യുതി കണക്ക്ഷൻ വിച്ഛേദിച്ചതിനാൽ കീരന്പാറ, കോട്ടപ്പടി പന്പ് ഹൗസുകളിലെ പന്പിംഗും നിർത്തിവച്ചതായി എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.