ചങ്ങനാശേരി: പ്രളയദുരന്തത്തിൽ എല്ലാംനഷ്ടപ്പെട്ട കുട്ടനാടൻ ജനത കൂട്ടത്തോടെ ചങ്ങനാശേരിയിലേക്ക് പലായനം ചെയ്യുന്നു. ചങ്ങനാശേരി, തൃക്കൊടിത്താനം, മാടപ്പള്ളി, വാകത്താനം, കുറിച്ചി, തൃക്കൊടിത്താനം ഭാഗങ്ങളിലെ ബന്ധുവീടുകളിലേക്കാണ് ഇവരുടെ പലായനം. ചങ്ങനാശേരിയിലെ വിവിധ തോടുകൾ കനാലുകൾ എന്നിവയിലൂടെ ബോട്ട്മാർഗവും വള്ളങ്ങളിലും ഇന്നു രാവിലെയും നൂറുകണക്കിനാളുകൾ പ്രവഹിക്കുകയാണ്.
ചങ്ങനാശേരി അതിരുപത, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ചങ്ങനാശേരി അതിരൂപതയുടെ വിവിധ സ്കൂളുകൾ, സ്ഥാപനങ്ങൾ എന്നിവയെല്ലാം ദുരിതാശ്വാസ ക്യാന്പുകളായി തുറന്നുകൊടുത്തിട്ടുണ്ട്.
നെടുമുടി, ചന്പക്കുളം, പുളിങ്കുന്ന്, വെളിയനാട്, കാവാലം, കിടങ്ങറ, രാമങ്കരി മേഖലകളിൽ നിന്നുള്ളവരാണ് ഇന്നലെ ചങ്ങനാശേരി ബോട്ടുജെട്ടിയിലെത്തിയവരിലധികവും. ബോട്ടിലെത്തിയ പലരേയും കൊണ്ടുപോകാൻ ബന്ധുക്കൾ വാഹനങ്ങളിലെത്തിയിരുന്നു. നിരവധിപ്പേർ സ്വകാര്ബോട്ടുകൾ പിടിച്ചും എത്തുന്നുണ്ട്.
ആവശ്യത്തിനു ബോട്ടുകളില്ലാത്തത് കുട്ടനാട്ടുകാർക്ക് ചങ്ങനാശേരിയിലെത്താൻ തടസമാകുന്നുണ്ട്. പശു, ആട്, കോഴി, നായ തുടങ്ങിയ വളർത്തുമൃഗങ്ങളുമായാണ് പലരുമെത്തിയത്. അതേസമയം നൂറുകണക്കിനാളുകൾ വെള്ളത്തിനു നടുവിൽ കുടുങ്ങിക്കിടക്കുന്നതായും വിവരങ്ങൾ ലഭിക്കുന്നുണ്ട്. ചങ്ങനാശേരിയിലും സമീപ പഞ്ചായത്തുകളിലും ജലനിരപ്പുയരുന്നതും ആശങ്കകൾക്കിയാക്കുന്നുണ്ട്.
വെള്ളപ്പൊക്കത്തെ തുടർന്ന് പറാൽ, വെട്ടിത്തുരുത്ത്, പൂവം, നക്രാൽ, കുറിച്ചി ആനക്കുഴി മേഖലകളിൽ നിന്നും ജനങ്ങൾ ഒഴിയുകയാണ്. നീന്തിയും വള്ളങ്ങളിലുമായി ബോട്ടുജെട്ടി ഭാഗത്ത് എത്തിയ ജനങ്ങളെ മുനിസിപ്പൽ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറന്പിൽ, വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് ആന്റണി, പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ കുഞ്ഞുമോൻ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ സന്നദ്ധ പ്രവർത്തർ എന്നിവർ ചേർന്ന് ചങ്ങനാശേരിയിലെ വിവിധ ക്യാന്പുകളിലും ബന്ധവീടുകളിലുമെത്തിച്ചു. ഇതേസമയം ചങ്ങനാശേരി താലൂക്കിൽ 54 ക്യാന്പുകളിലായി 13000ത്തിലേറെ ആളുകളെ പാർപ്പിച്ചിട്ടുണ്ട്.
മുന്നറിയിപ്പുമായി പോലീസ്
വെള്ളപ്പൊക്ക മേഖലകളിൽ രാത്രിയിൽ വീണ്ടും ജലനിരപ്പുയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ദുരിതാശ്വാസ ക്യാന്പുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഇതുസംബന്ധിച്ച് പോലീസ് ചങ്ങനാശേരി മേഖലയിൽ മൈക്ക് അനൗണ്സ്മെന്റ് നടത്തുന്നുണ്ട്.
ഫയർഫോഴ്സിനു രക്ഷാബോട്ടുകളില്ല
ചങ്ങനാശേരി, കുട്ടനാട് മേഖലകളിൽ വെള്ളത്തിലകപ്പെട്ടവരെ രക്ഷിക്കാൻ ചങ്ങനാശേരി ഫയർഫോഴ്സിനു മതിയായ സംവിധാനങ്ങളില്ല. ചങ്ങനാശേരി സ്റ്റേഷനിലെ രക്ഷാ ബോട്ടുകളും ഡിങ്കിയും പത്തനംതിട്ട, റാന്നി മേഖലകളിൽ രക്ഷാ പ്രവർത്തനത്തിനായി അയച്ചതാണ് പ്രതിസന്ധിക്കു കാരണമാകുന്നത്.
ഇതുമൂലം കുട്ടനാട്ടിലെ വെള്ളക്കെട്ടുകളിൽ അകപ്പെട്ട നൂറുകണക്കിനാളുകൾ സഹായം അഭ്യർഥിച്ചെങ്കിലും ഫയർഫോഴ്സിന് നിസഹായരായി നില്ക്കാനേ കഴിഞ്ഞുള്ളു. വെള്ളപ്പൊക്ക കെടുതികളിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ഫയർഫോഴ്സിനു വേണ്ട സംവിധാനങ്ങൾ അടിയന്തിരമായി നൽകമമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പെട്രോളും ഡീസലും എത്തുന്നില്ല; പന്പുകൾക്കു മുന്പിൽ വാഹനളുടെ നിര
വെള്ളപ്പൊക്കത്തെ തുടർന്ന് പെട്രോളും ഡീസലുമായി ലോറികൾ എത്തുന്നില്ല. ഇന്ധനക്ഷാമം രൂക്ഷം. ഇന്ധനം നിറക്കാൻ പന്പുകൾക്കു മുന്പിൽ വാഹനളുടെ നിര. ചങ്ങനാശേരി നഗരത്തിലും തെങ്ങണയിലുമാണ് വാഹനങ്ങളുടെ നിരമൂലം ഗതാഗതം സ്തംഭിച്ചത്. ഇന്ധനം ക്ഷാമം ഇന്ന് വാഹനഗതാഗതത്തെ ബാധിക്കാനിടയുണ്ട്.
ചങ്ങനാശേരി പച്ചക്കറി ചന്ത വെള്ളത്തിൽ
വെള്ളപ്പൊക്കത്തെത്തുടർന്ന് ചങ്ങനാശേരി പച്ചക്കറിച്ചന്തയും വെള്ളത്തിൽ. ചന്തയോടു ചേർന്നുള്ള തോട് കവിഞ്ഞൊഴുകിയാണ് മാർക്കറ്റിലെ ഇരുപതോളം കടകൾ വെള്ളത്തിലായത്. ഇതേത്തുടർന്ന് പച്ചക്കറിച്ചന്ത അടച്ചു. ചങ്ങനാശേരി മർച്ചന്റ്സ് അസോസിയേഷനും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കാളികളായിരിക്കുകയാണ്. പോലീസിന്റെ സുരക്ഷാക്രമീകരണങ്ങൾ സംബന്ധിച്ചുള്ള അനൗണ്സ്മെന്റുമായും അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്.