തുറവുർ: ചേർത്തല താലൂക്കിന്റെ വടക്കൻ മേഖലയിൽ വെള്ളപ്പൊക്കം രൂക്ഷം. കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന മഴ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലായിരിക്കുകയാണ്. ഇതോടെ ജനജീവിതം ദുസഹമാക്കിയി.
കടക്കരപ്പള്ളി, വയലാർ, പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, പാണപള്ളി, അരൂർ പഞ്ചായത്തുകളിലെ ഒട്ടുമിക്ക താഴ്ന്ന പ്രദേശങ്ങളിലും രൂക്ഷമായ വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്.
തൈക്കാട്ട്ശേരി കായലോരത്തും വളമംഗലം കായലോരത്തും താമസിക്കുന്ന ഒട്ടുമിക്ക വീടുകളും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുകയാണ്. തൈക്കാട്ടുശേരി കായലിന്റെ ഇരു വശങ്ങളിലെയും സംരക്ഷണഭിത്തി തകർന്നതു മൂലം കരയിലേക്ക് വെള്ളം ഇരച്ചുകയറുകയാണ്.
പള്ളിത്തോട് മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലും രൂക്ഷമായ വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്. പ്രദേശത്തെ തോടുകൾ കൈയേറി നികർത്തിയതുമൂലം വേലിയേറ്റ സമയങ്ങളിലും വേലിയിറക്ക സമയങ്ങളിലും വെള്ളം ഒഴുകിപ്പൊകാതെ പ്രദേശത്ത് വെള്ളം കെട്ടിക്കിടക്കുകയാണ്.
അന്ധകാരനഴി സ്പിൽവേയുടെ മുഴുവൻഷട്ടറുകളും തുറന്നുകിടക്കുന്നുണ്ടെങ്കിലും പൊഴിമുഖം മണ്ണു കൊണ്ട് അടഞ്ഞിരിക്കുന്നതിനാാൽ മഴ പെയ്ത് വെള്ളം കടലിലേക്ക് ഒഴുകിപ്പോകുന്നില്ല.