കൊച്ചി: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ ദുരിതവും വർധിക്കുന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്പോൾ പ്രധാന റോഡുകളിലും ഇടറോഡുകളിലും വെള്ളം കയറിയും മരങ്ങൾ വീണും ഗതാഗതം തടസപ്പെട്ടു. കോതമംഗലം പൂയംകുട്ടി മേഖല വെള്ളപ്പൊക്ക ഭീതിയിലാണ്. കൊച്ചി നഗരത്തിലെ വിവിധ ഇടറോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. പൊട്ടിപൊളിഞ്ഞ റോഡുകൾ ചെളിക്കുളമായതോടെ വാഹന, കാൽനട യാത്രപോലും ദുഷ്കരമായി.
മണികണ്ഠംചാൽ ചപ്പാത്ത് വെള്ളത്തിൽ
മഴ കനത്തതോടെ കോതമംഗലം മണികണ്ഠംചാൽ, കല്ലേലി മേട് കുടിയേറ്റ മേഖലകളും പത്തോളം ആദിവാസി കോളനികളും ഒറ്റപ്പെട്ടു. പൂയംകുട്ടി പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ മണികണ്ഠംചാൽ ചപ്പാത്ത് വെള്ളത്തിനടിയിലായി. മണികണ്ഠംചാലിൽ താഴ്ന്ന പ്രദേശത്തെ റോഡ് വെള്ളത്തിൽ മൂടിയ നിലയിലാണ്. പ്രദേശത്തെ നാല് വീടുകളിലും മാർത്തോമ പള്ളിയിലും വെള്ളം കയറി. നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ബ്ലാവന പൂഞ്ഞാർ പടിയിൽ പ്രധാന റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ബ്ലാവന കടവിലെ ജംങ്കാർ സർവീസ് നിർത്തിവച്ചു. ഇതോടെ ആശുപത്രി ആവശ്യങ്ങളടക്കം അത്യാവശ്യകാര്യങ്ങൾക്ക് പുറം ലോകവുമായി ബന്ധപ്പെടാനാകാതെ ഉഴലുകയാണ് ആദിവാസി മേഖല. ഇതിനുപുറമെ കിഴക്കൻ മേഖലയിലെ വിവിധ മേഖലകളിൽ ഉൾപ്പെടെ കനത്ത മഴ തുടരുകയാണ്.
വടക്ക് പടിഞ്ഞാറൻ മേഖലകളിലും നാശം
ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയുടെ വടക്ക് പടിഞ്ഞാറൻ മേഖലകളിൽ വൻ നാശനഷ്ടമാണു ഉണ്ടായിട്ടുള്ളത്. മരങ്ങൾ ഒടിഞ്ഞു വീണു മിക്കയിടങ്ങളിലും വീടുകൾ തകർന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ദേശീയപാത ഉൾപ്പടെയുള്ള പ്രധാന റോഡുകളിലും ഇടറോഡുകളിലും വെള്ളം കയറിയും മരങ്ങൾ വീണും ഗതാഗതം തടസപ്പെട്ടു. മഴക്കെടുതിയുണ്ടായ പ്രദേശങ്ങളിൽ രാത്രിയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായില്ല.
ആലങ്ങാട് പഞ്ചായത്തിൽ ഇന്നലെയുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും നിരവധി വീടുകൾ തകർന്നു. ആലങ്ങാട് നീറിക്കോട് ചേലാട്ട്പറന്പിൽ അഗസ്റ്റിന്റെ വീടാണു തകർന്നത്. വീടിന്റെ അടുക്കളയും അതോടു ചേർന്നുള്ള ഭാഗവും ഇടിഞ്ഞു വീണു. പുതുക്കിപ്പണിത ഭാഗത്തിനു കേടുപാടുകൾ സംഭവിച്ചിട്ടില്ല. ഈ സമയം വീടിന്റെ അടുക്കളഭാഗത്ത് ആരും ഇല്ലാതിരുന്നതിനാൽ അപകടമൊന്നും സംഭവിച്ചിട്ടില്ല.
നീറിക്കോട് കാച്ചപ്പിള്ളി ദേവസിക്കുട്ടിയുടെ വീടിനു മുകളിലേക്ക് രണ്ടു വലിയ ആഞ്ഞിലി മരങ്ങൾ കടപുഴകി വീണ് നാശനഷ്ടങ്ങൾ സംഭവിച്ചു. ശുചിമുറിയും ആസ്ബസ്റ്റോസ് മേഞ്ഞ മേൽക്കൂരയും തകർന്നു. പാലക്കാപറന്പിൽ ജേക്കബിന്റെ വീടിനു മുകളിലേക്കു മരംവീണ് ഷെഡ് തകർന്നു. പുതുശേരി കൊച്ചുതൊമ്മന്റെ വീട്ടിലെ മതിലും കാറ്റിലും മഴയിലും ഇടിഞ്ഞു വീണു. ചേലാട്ട് സി.വി. അഗസ്റ്റിന്റെ വീടിന്റെ മേൽക്കൂര അടയ്ക്കാമരം വീണു തകർന്നു.
കരിങ്ങാൻതുരുത്ത് തണ്ണിക്കോട് ജോയിയുടെ കടയ്ക്ക് മുകളിൽ മാവ് ഒടിഞ്ഞു വീണു കെട്ടിടത്തിനു സാരമായ നഷ്ടം സംഭവിച്ചു. നീറിക്കോട് സെൻറ് ജോസഫ്സ് പള്ളിയുടെ വളപ്പിലെ തേക്ക് മരം ഒടിഞ്ഞുവീണ് മതിൽ തകർന്നു.കോട്ടപ്പുറം കുന്നുംപുറം ജന്നത് വീട്ടിൽ ഷാജിയുടെ വീട് കാറ്റിലും മഴയിലും അപകടാവസ്ഥയിലായി.
കനത്ത മഴയെ തുടർന്നു വീടിനോടു ചേർന്നു കരിങ്കല്ലുകൊണ്ടു കെട്ടി ഉറപ്പിച്ചിരുന്ന സംരക്ഷണഭിത്തി പതിനഞ്ചടിയോളം താഴ്ചയിലേക്കു ഒലിച്ചുപോയി. കൂടാതെ വീടിൻറെ പിൻഭാഗത്തെ മണ്ണിടിയുകയും വീടിന് ഇളക്കം സംഭവിക്കുകയും ചെയ്തു. വീട്ടുകാരെ മറ്റൊരു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചു.
ആലങ്ങാട്, കരുമാലൂർ പ്രദേശങ്ങളിൽ ആയിരത്തോളം വാഴകൾ ഒടിഞ്ഞ് വീണു. പുലർച്ചെ വീശിയ ശക്തമായ കാറ്റിൽ കൊടുവഴങ്ങയിൽ റോഡിലേക്കു തെങ്ങ് മറിഞ്ഞു വീണു വൈദ്യുതി ലൈനുകൾ പൊട്ടി. വാഹനഗതാഗതവും തടസപ്പെട്ടു. പറവൂരിൽ ചേന്ദമംഗലം, വടക്കേക്കര, ചിറ്റാത്തുകര പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ കൈത്തോടുകൾ കവിഞ്ഞൊഴുകി. റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടായതോടെ വാഹനഗതാഗതം തടസപ്പെട്ടു.
ആലുവ നഗരത്തിന്റെ കിഴക്കൻ മേഖലയിൽ നിരവധി സ്ഥലങ്ങളിൽ മരം മറിഞ്ഞു വീണു. പന്പ് കവലയിൽ നിർത്തിയിട്ട കാറിനു മുകളിലേക്കു മരം ഒടിഞ്ഞു വീണു. കനാൽ റോഡിൽ വീടിന്റെ ചായ്പ് പിക്ക്അപ് വാനിന്റെ മുകളിലേക്ക് വീണു. കാഞ്ഞിരത്തിങ്കൽ വീട്ടിൽ ബാബുവിന്റെ വാഹനത്തിനു മുകളിലേക്കാണു സമീപത്തെ വീടിന്റെ മേൽക്കൂര മറിഞ്ഞു വീണത്. ഇവിടെ മരം മറിഞ്ഞു വീണു കനാൽ റോഡ് ഗതാഗതം തടസപ്പെട്ടു. കൊടികുത്തിമല-കോന്പാറ റൂട്ടിലും മരം മറിഞ്ഞു വീണു ഗതാഗതം തടസപ്പെട്ടു.
കളമശേരിയിൽ വെള്ളക്കെട്ട്
കളമശേരിയിൽ മെട്രോ സ്റ്റേഷനു സമീപം വെള്ളക്കെട്ടു രൂപപ്പെട്ടതിനെ തുടർന്നു ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ ടിവിഎസ് ജംഗ്ഷനിൽ മരം ഒടിഞ്ഞു വീണ് ദേശീയപാതയിൽ അരമണിക്കൂറിലേറെ ഗതാഗതം നിലച്ചു. പോലീസും ഫയർഫോഴ്സും എത്തി മരച്ചില്ലകൾ മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
നഗരത്തിലും ദുരിതം
കനത്ത കാറ്റിൽ അഡ്വക്കേറ്റ് ജനറലിൻറെ ഓഫീസിന്റെ അലൂമിനിയം ഷീറ്റ് പറന്നു പോയി. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. ഹൈക്കോടതിക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിലെ ഷീറ്റാണ് പറന്നു പോയത്. ക്ലബ് റോഡ് ഫയർ സ്റ്റേഷനിൽ നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളെത്തി താൽക്കാലികമായി ഇവിടെ ഒരു ടർപ്പായ വലിച്ചു കെട്ടിയിരിക്കുകയാണ്.
ഇന്നലെ പുലർച്ചെയുണ്ടായ കനത്ത കാറ്റിൽ വടുതല റോഡിന് സമീപം സ്ഥിതി ചെയ്യുന്ന വീട്ടിലേക്ക് തെങ്ങു മറിഞ്ഞുവീണു. ഉദയംപേരൂരിലും തൃപ്പൂണിത്തുറയിലും നിരവധി വീടുകൾക്കു നാശനഷ്ടം സംഭവിച്ചു. വൈദ്യുതി ലൈനുകൾ റോഡിൽ പൊട്ടി വീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.
ഭൂതത്താൻകെട്ട് ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറന്നേക്കും
കൊച്ചി: വരും മണിക്കൂറുകളിലും മഴ ശക്തമായി തുടർന്നാൽ ഭൂതത്താൻകെട്ട് ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറന്നേക്കും. നിലവിൽ 11 ഷട്ടറുകൾ തുറന്നാണ് ജലനിരപ്പ് ക്രമീകരിക്കുന്നത്. 29.5 മീറ്ററാണു ഇപ്പോഴത്തെ ജലനിരപ്പ്. മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ രണ്ട് ഷട്ടറുകളുംകൂടി ഉയർത്തുമെന്നാണ് അധികൃതരടെ അറിയിപ്പ്. 34.95 മീറ്ററാണ ഡാമിന്റെ സംഭരണശേഷി. ആകെ 15 ഷട്ടറുകളാണു ഡാമിനുള്ളത്.