കൊച്ചി: മൂന്നു ദിവസം തോരാതെ പെയ്ത മഴയിൽ കേരളത്തിലെ ഏക മെട്രോ നഗരം കുളമായി. ഇന്നലെ പെയ്ത മഴയുടെ ദുരിതങ്ങൾ മഴ ഒട്ടു ശമിച്ചിട്ടും ഇതുവരെ ഒഴിഞ്ഞിട്ടില്ല. പല സ്ഥലങ്ങളിലും ഇപ്പോഴും വെള്ളം നിറഞ്ഞ നിലയിലാണ്. ഇന്നും മഴ തുടരുമെന്നു കാലാവസ്ഥ നിരീക്ഷകർ അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. കർക്കിടകത്തിൽ മഴ കുറഞ്ഞതിന്റെ ആശങ്ക പകരുന്നതിനിടയിൽ അറബിക്കടലിലെ ന്യൂനമർദപാത്തിയും വടക്കൻ ആന്ധ്രാ തീരത്ത് അന്തരീക്ഷച്ചുഴിയും രൂപപ്പെടതോടെയാണു ചിങ്ങം കഴിഞ്ഞു കന്നിയുടെ തുടക്കത്തിൽ കാലം തെറ്റിയുള്ള മഴയെത്തിയത്.
ഇന്നലെ ജന ജീവതിത്തെ പൂർണയും സ്തംഭിപ്പിക്കുന്ന തരത്തിലായിരുന്നു മഴയുടെ താണ്ഡവം. റോഡുകളിലും പരിസരങ്ങളിലും കാൽനടയാത്രപോലും സാധ്യമല്ലാത്തവിധം വെള്ളക്കെട്ടു രൂപപ്പെട്ടു. പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിയതോടെ വാഹനഗതാഗതവും താറുമാറായി. കാനകൾ നിറഞ്ഞൊഴുകിയ വെള്ളം റോഡരികിലെ വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും കയറി.
നഗരത്തിലെ പ്രധാന റോഡുകളും ഇടറോഡുകളുമെല്ലാം വെള്ളത്തിൽ മുങ്ങി. മേനകയിൽ ശ്രീധർ തീയേറ്ററിനു സമീപം ബ്രോഡ് വേയിലേക്ക് പ്രവേശിക്കുന്ന റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടു യാത്രികരെ വലച്ചു. ഇവിടെ ഓടകൾ നിറഞ്ഞു കവിഞ്ഞു മാലിന്യങ്ങൾ റോഡിലേക്ക് ഒഴുകി.
വഴിയോര കച്ചവടക്കാരും ഇതോടെ ദുരിതത്തിലായി. സൗത്ത് റെയിൽവേ സ്റ്റേഷൻ റോഡിലും കെഎസ്ആർടിസി റോഡിലും വെള്ളം നിറഞ്ഞു. കെഎസ്ആർടിസി സ്റ്റാൻഡ് വെള്ളത്തിൽ മുങ്ങി. സ്റ്റാൻഡിലെ കെട്ടിടത്തിൽ മുട്ടോളം വെള്ളം കയറി. സ്റ്റേഷനിലെ കാത്തിരുപ്പു കേന്ദ്രവും, ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകളിലുമെല്ലാം തന്നെ വെള്ളത്തിലായി. ബസ് ബേകളിലും വെള്ളക്കെട്ട് രൂപപെട്ടു. ചെളിവെള്ളം നീന്തിയാണു യാത്രക്കാർ കനത്തമഴയിൽ ബസുകളിൽ കയറിപ്പറ്റിയത്.
ടൗണ്ഹാൾ പരിസരങ്ങളിലും റോഡുകളിൽ വെള്ളം നിറഞ്ഞു. സെന്റ് വിൻസെൻറ് റോഡ്, പ്രൊവിഡൻസ് റോഡ്, മോണാസ്ട്രി റോഡ്, കലാഭവൻ റോഡ് തുടങ്ങിയവ വെള്ളത്തിലായി. ജഡ്ജസ് അവന്യു, ഹൈക്കോർട്ട് ജംഗ്ഷൻ തുടങ്ങിയിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമായി. മണപ്പാട്ടിപറന്പ് റോഡ്, ശാസ്താ ടെന്പിൾ റോഡ്, പൊറ്റക്കുഴി, എളമക്കര വഴി ഇടപ്പളളിയിലേക്കുള്ള റോഡ് തുടങ്ങിയവയും വെള്ളക്കെട്ടിൽ മുങ്ങി.
വൈറ്റില മൊബിലിറ്റി ഹബിലേക്കുള്ള റോഡിലും സമീപത്തെ ഇടറോഡുകളിലും വെള്ളം കയറി. പൊന്നുരുന്നി, പൈപ്പ്ലൈൻ റോഡ്, ആര്യപാടം, ചക്കാലപ്പറന്പ്, പുതിയ റോഡ്, സ്റ്റേഡിയം ലിങ്ക് റോഡ്, വല്ലാർപാടം, തോപ്പുംപടി, കറുകപ്പിള്ളി, കർഷകൻറോഡ്, എളംകുളം, കണ്ടെയ്നർ റോഡ്, ദേശീയപാതയിലെ വിവിധഭാഗങ്ങൾ തുടങ്ങിയവും വെള്ളത്തിലായി. റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴികളിൽ ചാടി ഇരുചക്ര വാഹനയാത്രക്കാർ അപകടപ്പെടുന്ന സംഭവങ്ങളും ഉണ്ടായി.
നഗരത്തിലെ പ്രധാന തോടുകളായ പേരണ്ടൂർ, കരിത്തോടു തുടങ്ങിയവയെല്ലാം നിറഞ്ഞു കവിഞ്ഞാണ് ഒഴുകുന്നത്. തോടുകളിൽനിന്നു വെള്ളം റോഡുകളിലേക്കു കയറിയിട്ടുണ്ട്. മഴ മൂലം ഇന്നലെ പല ട്രെയിനുകളും വൈകിയാണ് ഓടിയത്. ഇന്നു രാവിലെയും ട്രെയിനുകളുടെ വൈകിയോട്ടം തുടരുകയാണ്. കെഎസ്ആർടിസി സർവീസുകളും ഇന്നലെ വൈകി. മഴക്കെടുതിയെ നേരിടുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നു കോർപറേഷൻ മേയർ സൗമിനി ജെയിൻ അറിയിച്ചു. നഗരസഭയുടെ ഭാഗത്തുനിന്നുമുണ്ടായ അലംഭാവവും റോഡുകളിൽ വെള്ളംനിറയാൻ കാരണമായതായി ചൂണ്ടിക്കാട്ടപ്പെടുന്നു.