
പിന്നാലെ 17ന് തിടനാട്ടിൽ പാറക്കുളത്തിൽ മുങ്ങി മുത്തച്ഛനും കൊച്ചുമകൾക്കും ജീവൻ നഷ്ടമായി. കാലവർഷം പെയ്തിറങ്ങും മുന്പേ ജലാശയങ്ങൾ ജീവനെടുത്ത് തുടങ്ങിയതു ജനങ്ങളിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. ഫയർഫോഴ്സ് രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം 2016- 17 കാലയളവിൽ 126 പേർ ജില്ലയിൽ മുങ്ങിമരിച്ചു.
കോട്ടയത്തു 44 പേരും ചങ്ങനാശേരിയിൽ എട്ടും കടുത്തുരുത്തിയിലും വൈക്കത്തും 17 പേർ വീതവും കാഞ്ഞിരപ്പള്ളിയിൽ 33 പേരും പാലായിൽ ഏഴു പേരുമാണ് മുങ്ങിമരിച്ചത്. കിണറ്റിൽ വീണുണ്ടായ അപകടങ്ങൾ 180 എണ്ണമാണ്. പുഴകളുടെ ആഴവും ഒഴുക്കും മനസിലാക്കാതെയും മദ്യവും മയക്കും മരുന്നും ഉപയോഗിച്ച ശേഷം ഇറങ്ങുന്നതുമൊക്കെ അപകടങ്ങൾക്കു കാരണമാകുന്നുണ്ട്.
കഴിഞ്ഞ ദിവസം മീനച്ചിലാറ്റിലെ അപകടത്തിനു കാരണമായത് ഒഴുക്കും ആഴവുമറിയാതെ നീന്തൽ പഠിക്കാൻ ഇറങ്ങിയതായിരുന്നു. മീനച്ചിലാറിന്റെ പല ഭാഗങ്ങളിലും അപകടങ്ങൾ ഒളിഞ്ഞിരിക്കുന്നതായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു. ശ്രദ്ധയും മുൻകരുതലുകളും സ്വീകരിക്കുക മാത്രമാണു മാർഗമെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.