കോട്ടയം: നഗരത്തിലെ ജലവിതരണം മുടങ്ങിയിട്ട് ദിവസങ്ങൾ പിന്നിട്ടു. കുടിവെള്ള വിതരണം നടത്തിയിരുന്ന ടാങ്കുകളിലേക്കു വെള്ളം പന്പ് ചെയ്യുന്നത് തടസപ്പെട്ടിരിക്കുകയാണ്. നഗരത്തിൽ ചില സ്വകാര്യ കുടിവെള്ള വിതരണ ഏജൻസികളുടെ കിണറുകളും വെള്ളപ്പൊക്കത്തിൽ വെള്ളം കവിഞ്ഞൊഴുകുകയോ മലിനമാകുകയോ ചെയ്തിരുന്നു.
കുടിവെള്ളവിതരണക്കാരിൽ ചിലർ വിതരണം നിർത്തിവച്ചിരിക്കുകയാണ്. ഇതോടെ നഗരത്തിലെ വെള്ള വിതരണം താറുമാറായിരിക്കുകയാണ്. കച്ചവടക്കാർ ദുരസ്ഥലങ്ങളിൽനിന്നാണ് വെള്ളം ശേഖരിക്കുന്നത്. എന്നാൽ ഏതാനും ചിലസ്ഥലങ്ങളിൽ നഗരത്തിൽനിന്നുള്ള വെള്ളം തന്നെ ഉപയോഗിക്കുകയാണ്.
നഗരത്തിലെ ചിലഹോട്ടലുകളിൽ ജലക്ഷാമം അനുഭവപ്പെടാതിരിക്കുന്നത് വെള്ളം ഇറക്കുന്നതിനാലാണെന്നു വ്യാപാരികൾ പറയുന്നു. നഗരത്തിലും സമീപപ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ വെള്ളം കയറിയതോടെയാണു പല ഹോട്ടലുകളിലും ലഭിക്കുന്ന വെള്ളമില്ലെന്നു പരാതി ഉയർന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു ജലവിതരണം മുടങ്ങിയിട്ട് ദിവസങ്ങളായിട്ടും ഹോട്ടലുകളിൽ ജലക്ഷാമം അനുഭവപ്പെടുന്നില്ലെന്നുമുള്ള യാഥാർഥ്യം പുറത്തുവന്നത്.
നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള ഹോട്ടലുകാർ നഗരത്തിനോടു ചേർന്നു കിടക്കുന്ന ചില സ്ഥലങ്ങളിൽ നിന്നുമാണു വെള്ളം എത്തിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി വെള്ളപ്പൊക്കമുണ്ടായതോടെ ഈ ജലസ്രോതസുകളെല്ലാം തന്നെ മലിനമായിരിക്കുകയാണ്. ഇത്തരം സാഹചര്യത്തിൽ ഇവിടങ്ങളിൽ നിന്നും വെള്ളമെടുക്കുക അസാധ്യമായ കാര്യമാണ്. എന്നിട്ടും ഹോട്ടലുകളിൽ ജലക്ഷാമം അനുഭവപ്പെടുന്നില്ല.
ഇവർ സംഭരിച്ചുവച്ചിരിക്കുന്ന വെള്ളമാണെന്നു പറയുന്നുണ്ടെങ്കിലും ഒരു ഹോട്ടലിൽ വിവിധ ആവശ്യങ്ങൾക്കായി ലിറ്ററുകണക്കിനു വെള്ളം ആവശ്യമായി വരും. പൂവത്തുംമൂട്ടിലെ കുടിവെള്ള ടാങ്ക് മൂടിവെള്ളം ഒഴികിയിരുന്നു. ഇതെല്ലാം മലിനമായിരിക്കുകയാണ്. മഴ മാറി ദിവസങ്ങൾ വേണ്ടിവരും കുടിവെള്ള വിതരണം സാധാരണ നിലയിലാകാൻ.