കൊച്ചി: കാലവർഷം ശക്തമായതിനെ തുടർന്നു ജില്ലയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായ സാഹചര്യത്തിൽ പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യതയുള്ളതിനാൽ ഏവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം). കനത്ത മഴയിൽ കുടിവെള്ള സ്രോതസുകളും പരിസരവും മലിനമാകുവാൻ സാധ്യത കൂടുതലുള്ളതിനാൽ വയറിളക്കരോഗങ്ങൾ, എലിപ്പനി എന്നിവക്കെതിരെ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
രോഗാണുക്കളാൽ മലിനമാക്കപ്പെട്ട ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണു വയറിളക്ക രോഗങ്ങൾ പകരുന്നത്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ വയറിളക്കരോഗങ്ങൾ തടയാൻ കഴിയും. നന്നായി തിളപ്പിച്ചാറ്റിയ ജലം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവു.
പച്ചവെള്ളവും തിളപ്പിച്ച വെള്ളവും കൂട്ടിച്ചേർത്തു ഉപയോഗിക്കരുത്. ആഹാരം കഴിക്കുന്നതിനു മുൻപും ശൗചാലയം ഉപയോഗിച്ചതിനുശേഷവും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം. സാലഡുകൾ തയ്യാറാക്കുവാൻ ഉപയോഗിക്കുന്ന പച്ചക്കറികൾ ശുദ്ധജലത്തിൽ നന്നായി കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക. ആഹാരസാധനങ്ങൾ മറ്റും ഈച്ച കയറാതെ അടച്ചു സൂക്ഷിക്കണം.
ഹോട്ടലുകളും ആഹാരം കൈകാര്യം ചെയ്യുന്ന മറ്റു സ്ഥാപനങ്ങളും ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കിണറുകളിൽ ക്ലോറിനേഷൻ നടത്തേണ്ടതാണ്. വയറിളക്കം പിടിപെട്ടാൽ ആരംഭത്തിൽ തന്നെ പാനീയ ചികിത്സ തുടങ്ങുന്നതുവഴി രോഗം ഗുരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം ഒആർഎസ് എന്നിവ ഇതിനായി ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കുന്നു.