മങ്കൊന്പ്: കാലവർഷം ശക്തമാകും മുന്പുതന്നെ കാവാലം ബസ് സ്റ്റാൻഡു പരിസരത്തെ വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിലായത് കച്ചവടക്കാരെയും ജനങ്ങളെയും ദുരതത്തിലാക്കുന്നു. ഓടകൾ അടഞ്ഞതാണ് വെള്ളപ്പൊക്കത്തിനിടയാക്കുന്നത്.
കാവാലം-കൈനടി റോഡിൽ എസ്ബിടി ജംഗ്ഷൻ മുതൽ ജങ്കാർ കടവു വരെയാണ് മഴവെള്ളം ഒഴുകിപ്പോകുന്നതിനായി ഓടകൾ നി ർമിച്ചിട്ടുള്ളത്. പതിറ്റാണ്ടിലേറെ പഴക്കമുള്ള ഓടകൾ നിർമിച്ചിട്ട് ഇതേവരെ വൃത്തിയാക്കിയിട്ടില്ല.
മഴവെള്ളത്തിനൊപ്പം ഒലിച്ചെത്തുന്ന മണലും സമീപത്തെ വൃക്ഷങ്ങളുടെ വേരുകളുമാണ് ഓടയിലെ നീരൊഴുക്കു തടസപ്പെടുത്തുന്നത്. ഇതുമൂലം ചെറിയൊരു മഴപെയ്താൽ പോലും മഴവെള്ളം ഒഴുകിപ്പോകാനാകാതെ വ്യാപാര സ്ഥാപനങ്ങളിലേക്കു ഇരച്ചുകയറും.
രാത്രി കാലങ്ങളിൽ ശക്തമായ മഴയുണ്ടായാൽ നേരം പുലരുന്പോൾ കടകളിൽ മുട്ടോളം വെള്ളം നിറയും. സാധനങ്ങൾ മിക്കതും നനഞ്ഞു നശിക്കും. ഓരോ വർഷവും ഇത്തരത്തിൽ പതിനായിരക്കണക്കിനു രൂപയുടെ നഷ്ടമാണ് ഓരോ സ്ഥാപനത്തിനും സംഭവിക്കുന്നത്.
പഞ്ചായത്തിൽ നികുതി അടയ്ക്കുന്ന വ്യാപാരികൾ പലതവണ ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. ഓടകളുടെ സ്ലാബുകൾ തുറന്നു ചെളിയും വേരുകളും നീക്കം ചെയ്താൽ പ്രശ്നത്തിനു ഒരു പരിധിവരെ പരിഹാരം കാണാമെന്ന് വ്യാപാരികൾ പറയുന്നു.
വ്യാപാര സ്ഥാപനങ്ങൾക്കു പുറമേ പ്രധാന റോഡിൽനിന്നും ജനവാസ കേന്ദ്രങ്ങളിലേക്കുള്ള അപ്രോച്ച് റോഡിലും വെള്ളക്കെട്ടു പതിവായിരിക്കുകയാണ്.
സമീപത്തെ ഹയർ സെക്കൻഡ റി സ്കൂളിലെ വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാരും ഇതുമൂലം വർഷങ്ങളായി ദുരിതമനുഭവിക്കുകയാണ്. വെള്ളക്കെട്ടു നിറഞ്ഞ റോഡിൽ ഹോളോബ്രിക്സുകൾ നിരത്തിയാണ് വെള്ളം ചവിട്ടാതെ നാട്ടുകാർ യാത്രചെയ്യുന്നത്.
എന്നാൽ, ശക്തമായ മഴയുണ്ടായാൽ റോഡിലെ ജലനിരപ്പ് ഇതിനും മുകളിലാകും. യാത്രക്കാരും പ്രദേശവാസികളും പലവട്ടം അപ്രോച്ച് റോഡിന്റെ ശോച്യാവസ്ഥ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
പഞ്ചായത്തിലെ മറ്റു വഴികളെല്ലാം തന്നെ മണ്ണിട്ടുയർത്തി നിർമിച്ചെങ്കിലും റോഡിനോടു മാത്രം അവഗണന തുടരുകയാണ്. കാലവർഷം ശക്തി പ്രാപിക്കും മുൻപു തന്നെ ഓടകൾ വൃത്തിയാക്കിയും വഴി മണ്ണിട്ടുയർത്തിയും തങ്ങളുടെ ദുരിതത്തിനു പരിഹാരം കാണെണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളു ടെയും ആവശ്യം.