കോട്ടയം: ശക്തമായി പെയ്ത മഴയിൽ ജില്ലയിലെ ആറുകളിലും തോടുകളിലും ജലനിരപ്പുയർന്നു. മീനച്ചിൽ, മണിമല, പന്പ തുടങ്ങിയ ആറുകളിലും തോടുകളിലും ക്രമാതീതമായാണ് ജലനിരപ്പുയർന്നിരിക്കുന്നത്. ആറ്റിലും തോട്ടിലും ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. വെള്ളം ഉയർന്നതോടെ തോടുകളിലും ആറുകളിലും മീൻപിടിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്.
ദിവസങ്ങളായി പെയ്യുന്ന മഴയിൽ ഏതു അടിയന്തര സാഹചര്യമുണ്ടായാലും കരുതലോടെ പ്രവർത്തിക്കാൻ ജില്ലാ ഭരണകൂടവും തയാറായി. അടിയന്തര സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട കരുതൽ നടപടിയെക്കുറിച്ചുള്ള വിവരങ്ങൾ ജില്ലാ കളക്ടർ സി.എ. ലത വിവിധ വകുപ്പ് മേധാവികൾക്ക് കൈമാറി. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ ഒരു എമർജൻസി ടീമിനെ നിയോഗിക്കാനും ദുരന്ത സാധ്യതയുളള സ്ഥലങ്ങൾ മുൻകൂട്ടി തീർച്ചപ്പെടുത്തി പ്രത്യേക ശ്രദ്ധ പതിപ്പിക്കാനും ജില്ലാ കളക്ടർ നിർദേശം നൽകി.
വെള്ളപ്പൊക്കം ഉണ്ടായാൽ ആളുകളെ മാറ്റി പാർപ്പിക്കാനുളള സ്കൂളുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ മുൻകൂട്ടി കണ്ടെത്തണം. ഈ സ്ഥലങ്ങളിൽ ശുദ്ധമായ കുടിവെള്ളം, സാനിട്ടറി സംവിധാനങ്ങൾ, സൗജന്യ റേഷൻ എന്നിവ ഏർപ്പാടാക്കാനുളള തയാറെടുപ്പ് നടത്തണം. എല്ലാ താലൂക്കിലും കണ്ട്രോൾ റൂമുകൾ തുറക്കാനും അന്നന്നുളള റിപ്പോർട്ടുകൾ കളക്ടറേറ്റിൽ അറിയിക്കാനും സംവിധാനം ഉണ്ടാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
കാലവർഷം ശക്തമായാൽ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ 24 മണിക്കൂറും കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കും. ഫയർഫോഴ്സ്, പോലീസ് എന്നിവരെ ഉൾപ്പെടുത്തി ഒരു ഡിസാസ്റ്റർ മാനേജ്മെന്റ് ടീം ഉണ്ടാക്കാനും നിർദേശമുണ്ട്. കൂടാതെ എല്ലാ പിഎച്ച്സി, സിഎച്ച്സി എന്നിവിടങ്ങളിൽ ഡോക്്ടർമാരുടെ സേവനവും ഉറപ്പാക്കും. മണ്ണിടിച്ചിൽ പോലുളള ദുരന്തങ്ങൾ നേരിടാൻ ജെസിബി ഉൾപ്പെടെയുളള ഉപകരണങ്ങൾ മുൻകൂട്ടി തയാറാക്കിയിട്ടുണ്ട്.
പ്രകൃതിക്ഷോഭം നേരിടാൻ ആംബുലൻസ്, മരുന്ന്, വാക്സിൻ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും പകർച്ച വ്യാധികൾ പടർന്നു പിടിക്കാതിരിക്കാനും ജനങ്ങളെ ബോധവത്കരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാൻ റവന്യു, ആരോഗ്യ വകുപ്പുകൾക്ക് നിർദേശം നൽകി. കൃഷി മേഖലയിൽ നഷ്്ടം സംഭവിച്ചാൽ താമസം കൂടാതെതന്നെ റിപ്പോർട്ട് കളക്ടർക്ക് നൽകണം.
ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു ബന്ധപ്പെട്ട വകുപ്പുകളിൽ നോഡൽ ഓഫീസർമാരെ നിയമിക്കാനും ആർഡിഒമാർ അവരുടെ അധികാര പരിധിയിലുളള താലൂക്കുകളിലെ പ്രവർത്തനങ്ങളുടെ ഏകോപനം നടത്തണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനുളള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.
വീടുകളിലെ ശുചിത്വം ഉറപ്പാക്കാൻ വാർഡിലുളള എല്ലാ വീടുകളിലും സമിതിയുടെ നേതൃത്വത്തിൽ ഒന്നാംഘട്ട പരിശോധന പൂർത്തിയായി. കൊതുകു നിവാരണത്തിന് ഫോഗിംഗ്, മരുന്ന് തളിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും അവസാനഘട്ടത്തിലാണ്. നിലവിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാന്പുകളിലും ഹരിജൻ കോളനികളിലും പ്രത്യേക പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നത്.